Kerala

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും. മഴക്കെടുതി നേരിടാൻ ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ യോഗത്തിൽ മുഖ്യമന്ത്രി നൽകും.

അതേസമയം, പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുന്ന് പൂര്‍ണമായും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ഓണത്തിനായി സമാഹരിച്ചിരുന്ന സാധനങ്ങള്‍ വെള്ളം കയറി നശിച്ചതോടെ റാന്നിയിലെ കടകമ്പോളങ്ങളിലെ കച്ചവടക്കാര്‍ ആകെ പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ പാതയോട് ചേര്‍ന്ന, മിക്ക കടകളിലും താഴത്തെ നിലയില്‍ വെള്ളം കയറി. വ്യാപാരികളില്‍ പലരും ഓണക്കാലത്ത് വസ്ത്രമെടുക്കാനും മലഞ്ചരക്ക് സാധനങ്ങള്‍ എടുക്കാനും വേണ്ടി പുറംനാടുകളില്‍ പോയിരിക്കുകയാണ്. വടശേരിക്കരയിലും മറ്റും വെള്ളം കയറിത്തുടങ്ങിയത് ഫോണിലൂടെ റാന്നിയില്‍ ഉള്ളവര്‍ പുലര്‍ച്ചെ അറിഞ്ഞിരുന്നു. സമീപത്തു താമസിക്കുന്ന ചിലരെത്തി കടകളിലെ സാധനങ്ങള്‍ ഉയര്‍ന്ന ഭാഗത്തേക്കു നീക്കി.

മറ്റുള്ളവര്‍ എത്തുമ്പോഴേക്കും കടകള്‍ വെള്ളത്തിലായിരുന്നു. 2018 ലെ പ്രളയശേഷം നൂറിലേറെ വ്യാപാരികള്‍ കച്ചവടം ഉപേക്ഷിച്ച അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴും ഇതേ അവസ്ഥ ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. പ്രളയജലം ഇറങ്ങിയപ്പോള്‍ പമ്പാ മണപ്പുറത്തു പലയിടത്തെയും മണ്ണ് ഒലിച്ചുപോയി. നിലയ്ക്കലിനും അട്ടത്തോടിനും മധ്യേ മണ്ണിടിഞ്ഞുവീണു ശബരിമല പാതയില്‍ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. പ്രളയത്തില്‍ ത്രിവേണി വലിയ പാലത്തിനു സമീപത്താണ് കൂടുതല്‍ നാശം. 2018ലെ പ്രളയത്തില്‍ ത്രിവേണി വലിയ പാലത്തിനു സമീപം നാശം ഉണ്ടായതാണ്. ഇവിടെ പടി കെട്ടി മണ്ണിട്ടു നികത്തിയത് കുത്തിയൊലിച്ചു പോയി.

പമ്പ, കക്കി നദികള്‍ ത്രിവേണി വലിയ പാലത്തിനു തൊട്ടുമുകളിലാണു സംഗമിക്കുന്നത്. ഒഴുക്ക് പ്രതിരോധിക്കാന്‍ ഇവിടെ ഭിത്തികെട്ടി സ്‌നാനഘട്ടത്തിനുള്ള പടികളും കെട്ടിയിരുന്നു. പടിക്കെട്ടിനു മുകളിലൂടെ നദി കരകവിഞ്ഞ് ഒഴുകിയാണ് മണ്ണ് ഒലിച്ചുപോയത്. ത്രിവേണിയില്‍ ചെറിയ പാലത്തിനു താഴെ പമ്പാ മണപ്പുറത്തു കൂടിയും വെള്ളത്തിന്റെ കുത്തിയൊഴുക്കായിരുന്നു. അവിടെയും മണ്ണ് ഒലിച്ചുപോയി കല്ലുകള്‍ തെളിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ നദി കരകവിഞ്ഞത്. നിറപുത്തരി പൂജകള്‍ക്കു തീര്‍ഥാടകര്‍ക്ക് എത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടാക്കുന്ന വിധത്തില്‍ ത്രിവേണിയില്‍ വെള്ളം കയറിയിരുന്നു. തീര്‍ഥാടകര്‍ പുണ്യസ്‌നാനം നടത്തുന്ന ഭാഗത്ത് 8 പടികള്‍ക്കു വരെ താഴെയാണ് ഇന്നലെ വൈകിട്ട് പമ്പയിലെ ജലനിരപ്പ്. അട്ടത്തോട്ടിലെ വലിയവളവിനു സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത് വനപാലകര്‍ നീക്കി.