Kerala

ഇ.ഡിക്കെതിരേ ആക്രമണം: 9 പ്രതികള്‍ക്ക് ജാമ്യം; ആശ്വാസം സി.പി.എമ്മിനോ അതോ പ്രവര്‍ത്തകര്‍ക്കോ

പ്രതിപക്ഷ നേതാവിന്റെ മകള്‍ ടി.വീണയുമായി ബന്ധപ്പെട്ട സി.എം.ആര്‍.എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡിക്കെതിരേ നടത്തി ആക്രമണത്തില്‍ റിമാന്റില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. കേസ് അന്വേഷണം പൂര്‍ത്തിയാവുകയും പ്രതികള്‍ 67 ദിവസമായി ജയിലില്‍ കഴിയുന്നതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എഡപ്പഗത്ത് ജാമ്യം അനുവദിച്ചത്. കേസിലെ 9 പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. പ്രതികള്‍ മുന്‍പ് കുറ്റകൃത്യത്തില്‍ പങ്കെടുത്ത പശ്ചാത്തലമില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡി ശക്തമായി എതിര്‍ത്തു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇത് എങ്ങനെയാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നതുമാണ് പ്രധാനപ്പെട്ട കാര്യമെന്ന് ഇ.ഡി വാദിച്ചു. ആരാണ് ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി പറഞ്ഞിരുന്നു. അന്വേഷണം തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മനഃപൂര്‍വം ഉണ്ടാക്കിയ ആക്രമണമാണ് അവിടെ നടന്നതെന്നുമായിരുന്നു ഇ.ഡിയുടെ വാദം. എന്നാല്‍ തങ്ങള്‍ 60-ലേറെ ദിവസങ്ങളായി ജയിലില്‍ ആണെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. സെഷന്‍സ് കോടതി രണ്ടു വട്ടം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയിലെത്തിയത്.

അറസ്റ്റിലായ 26 പേരില്‍ കിരണ്‍ പി.എസ്, ജീവന്‍, അനില്‍ കുമാര്‍, ശ്രീജിത്, നിഷാദ്, സിദ്ധാര്‍ഥ് എസ്, ഷഫീഖ് എന്നിവരുള്‍പ്പെടെ 9 പേരുടെ ജാമ്യാപേക്ഷയാണ് കോടതി മുമ്പാകെയുണ്ടായിരുന്നത്. ഇതിനു പുറമേ 4 പേരുടെ ജാമ്യാപേക്ഷ കൂടി കോടതി മുന്‍പാകെയുണ്ട്. ഇത് നാളെ പരിഗണിക്കാനായി മാറ്റി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ 25ാം പ്രതി ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 30 വരെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ മേയ് 27നാണ് തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന 3 ടാക്‌സി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു എന്നാണ് കേസ്. കേസില്‍ പിന്നീട് ഇ.ഡിയും കക്ഷി ചേര്‍ന്നു.