മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും, പൊട്ടിയാല്‍ കേരളത്തിലെ മൂന്നു ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുമെന്നുമൊക്കെ പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. എന്നാല്‍, മുല്ലപ്പെരിയാറില്‍ ലീച്ചേറ്റ് വെള്ളത്തിന്റെ ഒവുക്കും സുര്‍ക്കി മിശ്രിതങ്ങളുടെ ഇളകിപ്പോക്കുമൊക്കെ ക്രമേണ ക്രമേണ കൂടുന്നുവെന്നല്ലാതെ ഇതുവരെയും തമിഴ്‌നാടിന്റെ വാദത്തിനൊപ്പമാണ് മുല്ലപ്പെരിയാര്‍ ഡാം നില്‍ക്കുന്നത്. ഡാം പൊട്ടുമെന്ന് കേരളവും പൊട്ടില്ലെന്ന് തമിഴ്‌നാടും ഉറപ്പിച്ചു പറയുമ്പോള്‍ ആരാണ് യഥാര്‍ഥ്യം മറച്ചുവെയ്ക്കുന്നത്. എന്തിനാണ് ഇങ്ങനെ മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടുന്നത്. ആരാണ് രാഷ്ട്രീയം കളിക്കുന്നത്. കുടി വെള്ളത്തിന്റെ പേരില്‍ ഒരു യുദ്ധത്തിനു തന്നെ സാധ്യത ഏറുന്ന കാലത്ത് രണ്ടു സംസ്ഥാനങ്ങള്‍ ഒരു ഡാമിലെ വെള്ളത്തിന്റെ പേരില്‍ ബദ്ധശത്രുക്കളായി മാരുകയാണ്.
സുപ്രീം കോടതി പോലും തമിഴ്‌നാടിനൊപ്പമാണ് നല്‍ക്കുന്നതെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. മാത്രവുമല്ല, കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും മോണിറ്ററിംഗ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, മുല്ലപ്പെരിയാറില്‍ വെള്ളം നിറയ്ക്കാന്‍. നിലവിലെ വെള്ളത്തിന്റെ തോതിനേക്കാള്‍ ഉര്‍ത്തുകയാണ് തമിഴ്‌നാട്. ഇതാണ് കേരളത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതായത്, കേരളം ആവശ്യപ്പെടുന്നത്ര വെള്ളം അണക്കെട്ടില്‍ നിര്‍ത്തിയാല്‍ അപകട സാധ്യത കുറയുമെന്നാണ് വിലയിരുത്തല്‍. പക്ഷെ, തമിഴ്‌നാടിന് അണക്കെട്ടിന്റെ ഉറപ്പില്‍ വലിയ വിശ്വാസം ഉള്ളതു കൊണ്ട് വെള്ളം ഉയര്‍ത്താന്‍ തീരുമാനിക്കുന്നു.
ഇതു മനസ്സിലാക്കിയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് സാധ്യത തേടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞത്. പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചുനില്‍ക്കുകയാണെന്നും ഡാം സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞിരിക്കുന്നു. മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ആ കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല.
ഡാമുകളുടെ സുരക്ഷ പരിശോധിക്കണം എന്ന ആവശ്യം സുപ്രിം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഡിസംബര്‍ 31ന് മുമ്പ് നടക്കേണ്ട കാര്യമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ഇതുവരെ ആ സുരക്ഷാ പരിശോധന പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ബേബി ഡാം ബലപ്പെടുത്തലുമായി സുപ്രിംകോടതി നിര്‍ദ്ദേശിച്ച കാര്യങ്ങളും ഇതുവരെ നടപ്പിലായിട്ടില്ല. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും സുപ്രീം കോടതി പറഞ്ഞത് നടക്കാതെ നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു ആവശ്യം തമിഴ്‌നാട് ഉന്നയിച്ചത് നിര്‍ഭാഗ്യകരമാണ്. 142 അടിയില്‍ നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് മാറ്റാന്‍ ഇപ്പോള്‍ കേരളത്തിനോ തമിഴ്‌നാടിനോ അവകാശമില്ല. രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ സുപ്രിം കോടതി പരിശോധിച്ച് തീര്‍പ്പുണ്ടാകണം എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം.
ഇന്നലെ തമിഴ്‌നാടിന്റെ ബജറ്റ് പ്രഖ്യാപനം വന്നശേഷം മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുക്കുന്നതിനും കേരള ജനതയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും കഴിയുന്ന വിധത്തില്‍ അഭിപ്രായ സമന്വയത്തോടെ ഇത് പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്താണ് പോംവഴിയെന്ന് ജനങ്ങള്‍ക്ക് പറയാനാവാത്ത അവസ്ഥയാണ്. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വെള്ളത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
പുതിയ ഡാം വേണമെന്നത് കേരള നിയമസഭ പാസാക്കിയ പ്രമേയവും നിലപാടുമാണ്. കേരളത്തിന്റെ രഷ്ട്രീയ നിലപാടു കൂടിയാണിത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷം ഈ നിലപാടിനെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും ആരും ഉന്നയിച്ചിട്ടില്ലായിരുന്നു എന്നു കൂടി കാണുമ്പോഴാണ് ഇതിലെ രാഷ്ട്രീയക്കളി മനസ്സിലാകുന്നത്. കാരണം, 2018ലെ മഹാ പ്രളയത്തിലും, 2019 ലെ പ്രളയത്തിലും മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലുമൊക്കെ വെള്ളം കൂടിയിരുന്നു. നിയന്ത്രണ വിധേയമായതിലും മുകളില്‍. എന്നാല്‍, അന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തമായി നിലകൊണ്ടപ്പോള്‍, മറ്റു ഡാമുകളിലെ വെള്ളം നിയന്ത്രിക്കാന്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് കേരളം മുങ്ങിയിരുന്നു. മഹാ പ്രളയത്തില്‍ പൊട്ടാത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ അഴസ്ഥയെ ഓര്‍ത്ത് കേരളത്തിലെ മാറിയ സര്‍ക്കാര്‍ ആശങ്കയോടെ പറയുമ്പോള്‍ എന്താണ് അതിലെ രാഷ്ട്രീയം എന്നതാണ് തിരിച്ചറിയേണ്ടത്.
പി.ജെ. ജോസഫ് ജലവിഭവ മന്ത്രി ആയിരുന്നപ്പോഴാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വലിയ നീക്കങ്ങള്‍ കേരളം നടത്തിയത്. അന്ന് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ മന്ത്രി, മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ നല്ലപോലെ ഉറങ്ങുകയും ചെയ്തു. പിന്നാലെ വന്ന എന്‍.കെ. പ്രേമചന്ദ്രനും ഇതേ നിലപാടിലൂടെ കടന്നു പോയെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്പോഴും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ അണക്കെട്ടും ശക്തമായി തന്നെ നിന്നു. എന്തുതന്നെ ആയാലും കേരളത്തിന്റെ ആവശ്യം സാങ്കേതികമായി ന്യാമാണ്. കാലപ്പഴക്കം, ജനങ്ങളുടെ ഭീതി, അണക്കെട്ടിന്റെ ബലക്കുറവ്, വെള്ളത്തിന്റെ അളവ് ഇതെല്ലാം ന്യായമാണ്. കാലപ്പഴക്കമാണ് ഇതില്‍ പ്രധാനം. എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഒരു ഡാമിനെ മുന്നില്‍ വെച്ച് ജീവന്‍മരണക്കളി നടത്താന്‍ കേരളം തയ്യാറല്ല എന്നതാണ് സത്യം.
പക്ഷെ, കേരളത്തിന്റെ ആവശ്യത്തിനെ ബലപ്പെടുത്തുന്ന ഒരു കാര്യവും സുപ്രീം കോടതിക്കോ തമിഴ്‌നാടിനോ വിശ്വസനീയമായി തോന്നിയിട്ടില്ല. പഴയ ഡാമും അതിലെ വെള്ളവും തമ്മിലാണ് കേരളവും തമിഴ്‌നാടും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, പുതിയ ഡാം വരുന്നതടെ തമിഴ്‌നാടിന് വെള്ളത്തിലുള്ള കരാര്‍ നഷ്ടപ്പെടുമെന്നാണ് ആശങ്ക.
















