മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ നിർത്തുകയില്ലെന്നും പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ. ഷിജിന്റെ കുടുംബാംഗങ്ങൾ, ഇടവക വികാരി ഫാദർ സന്തോഷ്, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫൊറോന പള്ളിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷിജിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ സർക്കാർ പൂർണമായും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തെ പൂർണമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ തിരച്ചിൽ തുടരും. കടലിന്റെ സ്വഭാവം നന്നായി അറിയുന്ന പത്ത് മത്സ്യത്തൊഴിലാളികളെ ഫാദർ സന്തോഷിന്റെ നേതൃത്വത്തിൽ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ കേവലം തിരച്ചിലിനപ്പുറം കലക്ട്രേറ്റിന്റെ രക്ഷാപ്രവർത്തന സംഘത്തിന്റെ ഭാഗമായി താത്കാലികമായി നിയമിക്കും. ഷിജിനെ ജീവനോടെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയും സർക്കാരും അനുഭാവപൂർണമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഒരു നൂലാമാലകളുമില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറിയിരിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടിയാണോ ഇവിടെ കല്ലുകൾ ഇട്ടത് എന്നതിനെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷമേ സർക്കാർ മുന്നോട്ട് പോവുകയുള്ളൂ. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കരയോട് ചേർന്നാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകുന്നത്. ഇത് വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ ഉയർന്നുവന്ന കാര്യങ്ങളിൽ മത്സ്യത്തൊഴിലാളി പ്രതിനിധികൾക്കും കൗൺസിലിനും ബോധ്യമാകുന്ന രീതിയിലാകും സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾ. ഡെപ്യൂട്ടി കലക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെടെ പതിനഞ്ചോളം പേർ പങ്കെടുത്ത ചർച്ചയിൽ ജനങ്ങളും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. നാളെ രാവിലെ 5.45ന് വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും തുടർന്ന് താൻ വീണ്ടും സ്ഥലത്തെത്തുമെന്നും മന്ത്രി അറിയിച്ചു.
















