സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ വന്ദേമാതരം ആലപിക്കണം എന്നാണ് ഉത്തരവ്. പൂര്‍ണമായും ആലപിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. വന്ദേമാതരം പൂര്‍ണമായും ആലപിക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവന്‍ പാടാത്തതില്‍ സ്പീക്കറെ രേഖാമൂലം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേ മാതരം മുഴുവന്‍ പാടേണ്ടതായിരുന്നു എന്ന് പറഞ്ഞ ഗവര്‍ണര്‍, എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിക്കുകയും ചെയ്തിരുന്നു. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് സഭയില്‍ പാടിയത്. നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി പാടിയിരുന്നു.
വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്ന് വ്യക്തമാക്കിയത്. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് യു.ഡി.എഫ് സക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















