കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള തർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന ബലിതർപ്പണത്തിനായി എത്തുന്ന ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായി ചേർന്ന് പരമാവധി സൗകര്യം ഭക്തർക്ക് ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ജൂൺ മാസത്തിൽ തന്നെ മന്ത്രിതല അവലോകന യോഗം ചേർന്നിരുന്നു. മതിയായ സൗകര്യങ്ങളില്ലാത്ത കാരണം കൊല്ലം തിരുമുല്ലാവാരത്ത് കഴിഞ്ഞവർഷമുണ്ടായ പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലത്ത് രണ്ടാഴ്ച മുമ്പ് മന്ത്രി കെ.മുരളീധരൻ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
വിവിധ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദന സ്വാമിക്ഷേത്രം, തിരുമുല്ലാവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ ശിവക്ഷേത്രം, കണ്ടിയൂർ മഹാദേവ ക്ഷേത്രം, പമ്പ, എരുമേലി, കായംകുളം പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം,കട്ടച്ചിറ ചെറുമൺ മഹാവിഷ്ണു ക്ഷേത്രം, പാമ്പാകുട ദേവസ്വം തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ പ്രധാന തർപ്പണ കേന്ദ്രങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡുകൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കുന്നതെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
















