കഴിഞ്ഞ മാസം തുർക്കിയിലെ അങ്കാറയിൽ വെച്ചുനടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് രഹസ്യ സൈനിക വിമാനത്തിൽ രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റും ന്യൂയോർക്ക് ടൈംസുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊതുജനങ്ങളുടെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും മുന്നിൽ വെച്ച് പരസ്യമായി എയർഫോഴ്സ് വൺ വിമാനത്തിൽ കയറ്റിയ ട്രംപിനെ രഹസ്യമായി എയർപോർട്ട് കാറ്ററിങ് ട്രക്കിൽ ഒളിപ്പിച്ച് ചെറിയ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
വിവിധ ലോകനേതാക്കളോടൊപ്പം കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി ട്രംപ് അങ്കാറയിൽ എത്തിയപ്പോഴാണ് സംഭവം. സമ്മിറ്റ് കഴിഞ്ഞ് എയർഫോഴ്സ് വൺ ജംബോ ജെറ്റ് വിമാനത്തിൽ ട്രംപ് കയറുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ, മിനിറ്റുകൾക്കകം കാറ്ററിങ് ട്രക്കിലെ ഭക്ഷണപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് മറ്റൊരു ചെറിയ വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ട്രംപ് പഴയ എയർഫോഴ്സ് വൺ വിമാനത്തിലാണ് യാത്ര തിരിച്ചതെന്നാണ് വൈറ്റ് ഹൗസ് ആദ്യം അറിയിച്ചിരുന്നത്. മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിലെ ചില ജീവനക്കാരും പോലും അദ്ദേഹം ആ വിമാനത്തിലുണ്ടെന്നാണ് കരുതിയത്. ഇതിനിടെയാണ് ഇറാൻ ഭീഷണിയെ തുടർന്നുള്ള ‘രഹസ്യ ഓപ്പറേഷന്‍റെ’ വിവരങ്ങൾ പുറത്തുവരുന്നത്.
ഇറാന്‍റെ ഭാഗത്ത് നിന്നുള്ള വെല്ലുവിളികളാണ് പെട്ടന്നുള്ള മാറ്റത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. എന്നാൽ, സുരക്ഷാ കാരണങ്ങളല്ല വിമാന മാറ്റത്തിന് പിന്നിലെന്നാണ് ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നത്. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇറാന്‍റെ വധഭീഷണിയെ കുറിച്ച് അദ്ദേഹം ഓർമിപ്പിക്കുന്നുമുണ്ട്. ‘ ഇറാന്‍റെ ഹിറ്റ് ലിസ്റ്റിൽ ഒന്നാം സ്ഥാനുള്ളത് ഞാനാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഭീഷണികൾ എനിക്കെതിരെയുണ്ട്’. ട്രംപ് പറഞ്ഞു.
തുർക്കിയിൽ നിന്ന് പഴയ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചപ്പോൾ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് വിൻഡോ പൂർണമായി താഴ്ത്തിവെക്കാനും നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, വിമാനത്തിന്‍റെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന ട്രാക്കർ സിസ്റ്ം ഇസ്തംബൂളിനടുത്തുള്ള കരിങ്കടിന് മുകളിൽ എത്തുന്നതുവരെ ഓഫ് ചെയ്തിട്ട നിലയിലായിരുന്നു. ഈ യാത്രാ നിയന്ത്രണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നവർ അപകടകരമായ ഒരു ഫ്ലൈറ്റിൽ ആയിരുന്നതിനാലാകാം വിൻഡോകൾ അടക്കാൻ ആവശ്യപ്പെട്ടെന്ന് ട്രംപ് പ്രതികരിക്കുകയും ചെയ്യുകയുണ്ടായി.
അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത വർദ്ധിച്ച സാഹചര്യത്തിലുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ ‘വ്യാജ ഓപ്പറേഷൻ’ നടപ്പിലാക്കിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 2000-ൽ ബിൽ ക്ലിന്റണും സമാനമായ രീതിയിൽ പാകിസ്താൻ സന്ദർശന വേളയിൽ രഹസ്യവിമാനം ഉപയോഗിച്ചിരുന്നു.