News

തെളിവെടുപ്പ് പൂർത്തിയായി; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ ഉണ്ടെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയായതിനാലാണ് ഇന്ന്‌ തന്നെ ഹാജരാക്കുന്നത്. അതേസമയം ചോദ്യം ചെയ്യല്‍ ഇന്ന്‌ ഉച്ച വരെ തുടരും. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കേസിലാണ് ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. അതിനിടെ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വളപട്ടണം ഇന്‍സ്പെക്ടര്‍ കൈമാറിയിരുന്നു.

ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരള പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ കേസിലെ പ്രധാന തെളിവാണ്. കണ്ണൂര്‍ സൈബർ പൊലീസിന്റെ തെളിവെടുപ്പിനിടെ ആയങ്കിയുടെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. താൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതെന്ന് ആയങ്കി മൊഴി നൽകിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണുകളും ലാപ്ടോപ്പും ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പൊലീസ്. അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ്.