Business

ബൈജു(ന്)ആപ്പുമായി ഖത്തര്‍ ഹോള്‍ഡിംങ് കമ്പനി കര്‍ണ്ണാടക ഹൈക്കോടതിയില്‍: സ്വത്തും പണവും മരവിപ്പിക്കണമെന്ന് ആവശ്യം

സ്വത്തും പണവും മരവിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ട് എഡ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഹര്‍ജിയുമായി ഖത്തര്‍ ഹോള്‍ഡിങ് കമ്പനി. കര്‍ണാടക ഹൈക്കോടതിയെയാണ് കമ്പനി അധികൃതര്‍ സമീപിച്ചിരിക്കുന്നത്. ഖത്തര്‍ ഹോള്‍ഡിങ് കമ്പനിക്ക് ബൈജു വീട്ടാനുള്ള തുക പൂര്‍ണമായി അടച്ചുതീര്‍ക്കും വരെ സ്വത്ത് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും തടയുകയാണ് ലക്ഷ്യം. സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സിംഗപ്പൂര്‍ കോടതി 2026 ജൂലൈയില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കണമെന്ന ആവശ്യമാണ് ഹര്‍ജിയിലുള്ളത്.

കോടതി ഫീസുള്‍പ്പെടെ സിംഗപ്പൂര്‍ കോടതി വിധിപ്രകാരമുള്ള 72 ലക്ഷം സിംഗപ്പൂര്‍ ഡോളറാണ് (ഏകദേശം 53 കോടി രൂപ) ബൈജുവില്‍ നിന്ന് ഖത്തര്‍ ഹോള്‍ഡിങ് നിലവില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ബൈജു ആകെ 1900 കോടി രൂപയോളം വീട്ടാനുണ്ടെന്ന് ഖത്തര്‍ ഹോള്‍ഡിങ് പറയുന്നു. ഇത് വീണ്ടെടുക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബൈജുവിന്റെ ആസ്തികള്‍ മരവിപ്പിക്കണമെന്ന ഹര്‍ജി. ഈ തുക ലഭിക്കുംവരെ ബൈജുവിന്റെ സ്വത്തുക്കള്‍ മറ്റാര്‍ക്കും വിറ്റുപോകാതെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഖത്തര്‍ ഹോള്‍ഡിങ്ങിന്റെ സമാന ഹര്‍ജി നേരത്തെയും കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഇതിന്മേലുള്ള നടപടിക്രമങ്ങള്‍ നീളുകയാണ്.

ബൈജൂസിന് കീഴിലുള്ള പ്രമുഖ കമ്പനിയായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസില്‍ ബീആര്‍ ഇന്‍വെസ്റ്റ്‌കോയ്ക്കുള്ള 1.78 കോടി ഓഹരികളും മരവിപ്പിക്കണമെന്ന് ഹര്‍ജിയിലുണ്ട്. ബീആര്‍ ഇന്‍വെസ്റ്റ്‌കോ 100 ശതമാനവും ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലാണെന്നും ഖത്തര്‍ ഹോള്‍ഡിങ് പറയുന്നു. ബൈജുവിനോട് തന്റെ സമ്പൂര്‍ണ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ബൈജു രവീന്ദ്രന് കഴിഞ്ഞ മേയില്‍ ബീആര്‍ ഇന്‍വെസ്റ്റ്‌കോയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ 6 മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസിലായിരുന്നു വിധി. ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച കോടതി 70,500 ഡോളര്‍ (ഏകദേശം 68 ലക്ഷം രൂപ) കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

Latest News