മക്കളെ വളര്‍ത്തുക എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതില്‍ പെണ്‍ മക്കളെ വളര്‍ത്തുന്നതാണ് കൂടുതല്‍ പ്രയാസം. കാരണം, അവരുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ കൂടെ ഉണ്ടാകണം. എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. പ്രത്യേകിച്ച് കൗമാരക്കാരെ വളര്‍ത്തുക എന്നത് പലപ്പോഴും അച്ഛനമ്മമാര്‍ക്ക് വലിയൊരു പരീക്ഷണമാണ്. ഒരുദിവസം പെട്ടെന്ന് എല്ലാം തുറന്നുപറയുന്ന കുട്ടി, തൊട്ടടുത്ത ദിവസം ഒന്നും സംസാരിക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലേക്ക് മറും. സമൂഹവും സോഷ്യല്‍ മീഡിയയും മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളും കൂടിയാകുമ്പോള്‍, കുട്ടിയോട് എപ്പോള്‍ എങ്ങനെ സംസാരിക്കണം എന്നത് രക്ഷിതാക്കള്‍ക്ക് വലിയ വെല്ലുവിളിയാകും.
ഇതു തന്നെയാണ് ബോളിവുഡ് നടി കാജോള്‍ പറയുന്നതും. മകള്‍ നൈസ ദേവ്ഗണുമായുള്ള ബന്ധത്തില്‍ തനിക്കുണ്ടായ ഒരു നിര്‍ണായക അനുഭവത്തെക്കുറിച്ചാണ് കാജോള്‍ തുറന്നുപറഞ്ഞത്.. നൈസയ്ക്ക് 12 വയസ്സുള്ളപ്പോള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം ഏറെ സങ്കീര്‍ണമായിരുന്നുവെന്നും ആ ഘട്ടം ഏകദേശം മൂന്ന് വര്‍ഷത്തോളം നീണ്ടുവെന്നും കാജോള്‍ പറയുന്നു. ലില്ലി സിംഗുമായുള്ള സംഭാഷണത്തിനിടെയാണ് മകള്‍ നൈസയെയും മകന്‍ യുഗിനെയും വളര്‍ത്തിയ അനുഭവങ്ങള്‍ കാജോള്‍ പങ്കുവച്ചത്. നൈസയുടെ കൗമാരകാലത്ത് അമ്മയും മകളും തമ്മിലുള്ള ബന്ധത്തില്‍ വലിയ സംഘര്‍ഷങ്ങളുണ്ടായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു.
‘ഹോര്‍മോണുകള്‍ മാറി, അവള്‍ക്ക് 12 വയസ്സായിരുന്നു. എല്ലാം താളം തെറ്റിയിരുന്നു. ഞങ്ങള്‍ വഴക്കിട്ടു. ചില സമയങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരും യുക്തിരഹിതമായി പെരുമാറി. ഏകദേശം മൂന്ന് വര്‍ഷത്തോളം ഈ പ്രയാസകരമായ ഘട്ടം നീണ്ടുനിന്നു. പരസ്പരം സംസാരിക്കാനും കേള്‍ക്കാനും ഇരുവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഓരോരുത്തരും തങ്ങളുടെ ഭാഗം ശരിയാണെന്ന് കരുതിയതോടെ ചെറിയ കാര്യങ്ങള്‍ പോലും വഴക്കിലേക്ക് നീങ്ങി”, കാജോള്‍ പറഞ്ഞു. കൗമാരകാലത്തെ കുട്ടികളില്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്കൊപ്പം സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും കണ്ടെത്താനുള്ള ശ്രമവും ഈ പ്രായത്തില്‍ ശക്തമാകും. കുട്ടികള്‍ മുമ്പ് അംഗീകരിച്ചിരുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യാന്‍ തുടങ്ങും. അതേസമയം, തങ്ങളുടെ കുഞ്ഞ് പെട്ടെന്ന് മാറുന്നതായി തോന്നുന്ന മാതാപിതാക്കള്‍ക്ക് ആ മാറ്റങ്ങളോട് പൊരുത്തപ്പെടാനും എളുപ്പത്തില്‍ കഴിയില്ല. തുടര്‍ച്ചയായ തര്‍ക്കങ്ങള്‍ പ്രശ്നം പരിഹരിക്കുന്നില്ലെന്ന് ഒടുവില്‍ കാജോളിന് മനസ്സിലായി. മുതിര്‍ന്നയാള്‍ എന്ന നിലയില്‍ താനാണ് സമീപനം മാറ്റേണ്ടതെന്നും താരം തിരിച്ചറിഞ്ഞു.
”ഇനി അവളുമായി അത്രയധികം വഴക്കിടേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. അവളോട് കഴിയുന്നത്ര സംസാരിക്കാനും അവളോടൊപ്പം ഓരോ കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ ശ്രമിച്ചു. അങ്ങനെ പതുക്കെ വഴക്കുകള്‍ സംഭാഷണങ്ങളായി മാറി. മകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉടന്‍ മറുപടി നല്‍കുന്നതിനോ തിരുത്തുന്നതിനോ പകരം, അവള്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. നൈസയ്ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കണമെന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ക്ക് വേണ്ടിയിരുന്നത് തന്റെ അരികിലിരുന്ന് അവള്‍ പറയുന്നത് കേള്‍ക്കുന്ന ഒരാളെയായിരുന്നു. അതാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്,” കാജോള്‍ പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കാനും തെറ്റുകളില്‍ നിന്ന് അകറ്റിനിര്‍ത്താനും മാതാപിതാക്കള്‍ സ്വാഭാവികമായും ആഗ്രഹിക്കും. ശരിയും തെറ്റും പറഞ്ഞുകൊടുക്കാനും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും ശ്രമിക്കും. എന്നാല്‍ കുട്ടികള്‍ വളരുന്നതിനനുസരിച്ച് സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും രൂപപ്പെടുത്താനുള്ള ഇടവും അവര്‍ക്ക് ആവശ്യമാണ്. കേള്‍ക്കുക എന്നതിനര്‍ഥം കുട്ടി പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുക എന്നല്ല. മറിച്ച്, ഉടന്‍ വിധിയെഴുതാതെയും ഉപദേശിക്കാന്‍ ശ്രമിക്കാതെയും അവര്‍ക്ക് അവരുടെ മനസ്സിലുള്ളത് തുറന്നുപറയാനുള്ള അവസരം നല്‍കുക എന്നതാണ്. തന്നെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യാതെ മാതാപിതാക്കള്‍ കേള്‍ക്കുമെന്ന് ഒരു കൗമാരക്കാരന് തോന്നുമ്പോള്‍, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും തുറന്നുപറയാനുള്ള ധൈര്യം അവനോ അവള്‍ക്കോ ലഭിക്കും. തിരിഞ്ഞുനോക്കുമ്പോള്‍, അമ്മയെന്ന നിലയില്‍ താന്‍ പഠിച്ച ഏറ്റവും വലിയ പാഠം മകളെ കേള്‍ക്കാനും അവള്‍ക്ക് ആവശ്യമായ ഇടം നല്‍കാനുമുള്ള പ്രാധാന്യമാണെന്ന് കാജോള്‍ പറയുന്നു.
”അവള്‍ക്ക് വേണ്ടിയിരുന്നത് ഞാന്‍ അവളുടെ അടുത്തിരുന്ന് കഴിയുന്നത്ര അവളെ കേള്‍ക്കുക മാത്രമായിരുന്നു. ഒരു രക്ഷിതാവ് എന്ന നിലയില്‍ അതായിരുന്നു എന്റെ ഏറ്റവും വലിയ പഠനം. ഇന്ന് ഞങ്ങള്‍ സന്തോഷത്തോടെ കഴിയുന്നുവെന്നും കാജോള്‍ പറഞ്ഞു.