തിരുവനന്തപുരം : രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആചരിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ). പൂജപ്പുരയിലെ എച്ച്എൽഎൽ കോർപ്പറേറ്റ് ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ (സിഎംഡി) ഡോ. അനിത തമ്പി ദേശീയപതാക ഉയർത്തി.
എച്ച്എൽഎൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിങ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവർ സന്നിഹിതരായിരുന്നു. 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഗർഭനിരോധന ഉൽപന്നങ്ങൾ, രോഗനിർണയ സേവനങ്ങൾ എന്നിവ താങ്ങാവുന്ന നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പങ്കാളിയാണ് എച്ച്എൽഎൽ. ജീവൻരക്ഷാ മരുന്നുകൾ മിതമായ നിരക്കിൽ ‘അമൃത്’ ഫാർമസി ശൃംഖലയിലൂടെയും, അത്യാധുനിക രോഗനിർണയ സേവനങ്ങൾ ‘സ്പെഷ്യാലിറ്റി ഹിന്ദ്‌ലാബ്സ്’ (Hindlabs) വഴിയുമാണ് സ്ഥാപനം നൽകി വരുന്നത്. 1966-ൽ കേന്ദ്ര സർക്കാരിന്റെ കുടുംബസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച എച്ച്എൽഎൽ, ഇന്ന് രാജ്യത്തെ ആരോഗ്യമേഖലയിലെ നിർണായക സാന്നിധ്യമായി മാറിയിരിക്കുകയാണ്.
HLL Celebrates Independence Day on a Grand Scale

















