ഝാര്‍ഖണ്ഡിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധസമരം അവസാനത്തിലേക്ക്. 2014 മുതലുള്ള ജെഎസ്എസ് സി – സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കിയതായും ടിഡിപിഎല്‍ വഴി നടത്തിയ എല്ലാ റിക്രൂട്ട്‌മെന്റുകളും അസാധുവാക്കിയതായും മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. 2014 മുതല്‍ നടത്തിയ എല്ലാ പരീക്ഷകളും സിഐഡി അന്വേഷിക്കുമെന്നും വിരമിച്ച ജഡ്തിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ടിഡിപിഎൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരും സമരം ചെയ്യുന്ന വിദ്യാർഥികളും തമ്മിൽ നടന്ന ചർച്ചകളിൽ സമവായത്തിൽ എത്താതിരുന്നതിനെ തുടർന്നാണ് പുതിയ പ്രഖ്യാപനം. സമരക്കാർ ഉന്നയിച്ച ആശങ്കകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 ദിവസമായി വിദ്യാർഥികൾ പ്രക്ഷോഭത്തിലാണ്. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിതല സമിതി ശ്രമിച്ചതായും അവർ ഉന്നയിച്ച പ്രശ്നങ്ങളിൽ പലതിനും ഇതിനകം പരിഹാരം കണ്ടെത്തിയതായും സോറൻ പറഞ്ഞു.
സിഐഡിയും എസ്‌ഐടിയും നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ടെന്നും സോറൻ പറഞ്ഞു. പരീക്ഷകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെഎസ്‌എസ്‌സി) വഴി നിയമനം ലഭിച്ചവരും അറസ്റ്റിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

















