തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ തലസ്ഥാന നഗരിയിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിക്കുന്ന ഓണം വാരാഘോഷങ്ങളുടെ ഏകോപനത്തിനായി ടൂറിസം ഡയറക്ടറേറ്റില്‍ ഒരുക്കിയ ഓണം ഫെസ്റ്റിവല്‍ ഓഫീസ് ടൂറിസം മന്ത്രി പി. സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഈ വര്‍ഷത്തെ ഓണം ഫെസ്റ്റിവല്‍ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
ഓണം കേരളത്തിന്‍റെ വൈവിധ്യവും വര്‍ണാഭവുമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ ആഘോഷിക്കുന്ന ഉത്സവമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഓണ്‍ലൈനായി നല്‍കിയ ഓണം സന്ദേശത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു.
ടൂറിസം സെക്രട്ടറി ബിജു കെ ഐഎഎസ്, ഡയറക്ടര്‍ അഞ്ജന എം ഐഎഎസ്, കെടിഡിസി എംഡി ഹര്‍ഷില്‍ ആര്‍ മീണ എന്നിവരും വിവിധ ഫംഗ്ഷണല്‍ കമ്മിറ്റികളുടെ വൈസ് ചെയര്‍മാന്‍മാരായ പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാര്‍, ശരത്ചന്ദ്ര പ്രസാദ്, എംഎ വാഹിദ്, കെഎസ് ഗോപകുമാര്‍, ലക്ഷ്മി ആര്‍, കെടിഡിസി ചീഫ് എഞ്ചിനീയര്‍ ലേഖ കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 24 മുതല്‍ 30 വരെ സംസ്ഥാനത്തുടനീളം നടക്കുന്ന ഓണം ടൂറിസം വാരാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനവും മേല്‍നോട്ടവും ഫെസ്റ്റിവല്‍ ഓഫീസ് നിര്‍വഹിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓണം ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 30 ന് നടക്കുന്ന വര്‍ണാഭമായ സമാപന ഘോഷയാത്രയിലും എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉണ്ടാകുമെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു.
തലസ്ഥാന നഗരിയിലെ കനകക്കുന്ന് കൊട്ടാരം വളപ്പുള്‍പ്പെടെയുള്ള ആഘോഷ വേദികളിലേക്ക് ജനങ്ങള്‍ക്ക് സുഗമമായി എത്തുന്നതിനും വാഹന ഗതാഗതം തടസമില്ലാതെ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരിയില്‍ മാത്രം 36 വേദികളിലായി രണ്ടായിരത്തിലധികം കലാകാരന്‍മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുടെ (ഡിടിപിസി) നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഓണാഘോഷങ്ങളും സാംസ്കാരിക പരിപാടികളും അവതരിപ്പിക്കും.
വ്യാപാരമേള, ഭക്ഷ്യമേള, ദീപാലങ്കാരം, കെടിഡിസിയുടെ പായസ മത്സരം എന്നിവ ഓണാഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
‘ഹരിത ഓണം’ സന്ദേശവുമായി ശുചിത്വ മിഷന്‍ ഒരുക്കിയ ഫ്ളോട്ടിന്‍റെ പര്യടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഫ്ളോട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും.
ശുചിത്വ മിഷന്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ജഹാംഗീര്‍ എസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അമീര്‍ഷ ആര്‍ എസ് എന്നിവരും ഫ്ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
ഓണം ആഷോഷങ്ങള്‍ പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുക.

















