സംസ്ഥാനത്തെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. വഖഫ് ബോര്‍ഡാണ് കണക്കെടുപ്പ് നടത്തുന്നത്. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് കണക്കെടുപ്പ്. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നേരത്തെ കത്ത് നല്‍കിയിരുന്നു. ഈ വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്, ബന്ധപ്പെട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അര്‍ഹത നിര്‍ണയം പൂര്‍ത്തിയാക്കണം. പുനസംഘടനക്ക് മുമ്പ് അര്‍ഹത നിര്‍ണയം നടത്തിയതിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയും അതിനനുസരിച്ച് അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. അംഗങ്ങളുടെ യോഗ്യതയും പുനസംഘടനക്ക് മുമ്പ് പരിശോധിക്കും. അതേസമയം, വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
കേരളത്തില്‍നിന്ന് മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ ഓഗസ്റ്റ് 25ന് സുപ്രിംകോടതിയുടെ പരിഗണനക്കെത്തുമെന്നും റവന്യൂ അഡി. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമര്‍പ്പിച്ച വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്.