മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെ സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായയി വിജയന്‍. കേരളത്തോട് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കടുത്ത വിവേചനവും അവഗണനയുമാണ് പുലര്‍ത്തുന്നത്. കടുത്ത അനീതിയാണിത്. പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഇതുവഴി 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഈ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം.പിമാരും ശക്തമായി ഇടപെടണം.
മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനോട് ചേര്‍ക്കുന്നതോടെ പാലക്കാട് ഡിവിഷന് ഫലത്തില്‍ അന്ത്യം കുറിക്കുകയാണ്. ഉള്ളാള്‍ വരെയുള്ള സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്. പ്രധാന തുറമുഖ നഗരമായ മംഗലാപുരം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. പനമ്പൂര്‍ ഗുഡ്‌സ് യാര്‍ഡ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 625 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. ഇത് പൂര്‍ണ്ണമായും നഷ്ടമാകും. തിരുവനന്തപുരത്തേക്ക് ഉള്‍പ്പെടെ നിലവില്‍ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ മൈസൂര്‍ ഡിവിഷന്റെ ഭാഗമാകുന്നതോടെ സ്വന്തമായി ഒരു ട്രെയിന്‍ പോലും ഇല്ലാത്ത ഡിവിഷനായി പാലക്കാട് മാറും.
പാലക്കാട് കഞ്ചിക്കോട് അനുവദിച്ച കോച്ച് ഫാക്ടറി നടപ്പാകില്ലെന്ന് ഉറപ്പായതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കുന്നത്. അതിവേഗ റെയില്‍വേ പാത എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം പോലും നല്‍കിയട്ടില്ല. 2006 ല്‍ സേലം ഡിവിഷന്‍ ആരംഭിച്ചതോടെ കോയമ്പത്തൂര്‍ അടക്കം വാണിജ്യപ്രധാനമായ നഗരങ്ങള്‍ പാലക്കാടിന് നഷ്ടപ്പെട്ടു. പകുതിയോളം വരുമാനമാണ് അന്ന് നഷ്ടമായത്. ഇപ്പോള്‍ മംഗലാപുരം കൂടി വേര്‍പെടുന്നതോടെ കേരളത്തിന്റെ റെയില്‍വേ വികസനം ഇനി സ്വപ്നമായി അവശേഷിക്കും.
തിരുവനന്തപുരം ഡിവിഷന്‍ മാത്രമാക്കി കേരളത്തെ പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വരുമാനം കുറവാണെന്ന ന്യായത്തില്‍ പുതിയ ട്രെയിനുകളൊന്നും കേരളത്തിന് ലഭിക്കാതാവും. തിരുവനന്തപുരത്തേക്ക് അടക്കം മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ഇനി മൈസൂര്‍ ഡിവിഷന് ആയിരിക്കും. ഇത് കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കും. റെയില്‍വേയുടെ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടിക്ക് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കേന്ദ്ര നടപടി തിരുത്തിക്കാന്‍ മുഴുവന്‍ എം.പിമാരേയും കൂട്ടിയോജിപ്പിച്ച് ശക്തമായി ഇടപെടണം.

















