രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനു സസ്പെൻഷൻ. ഒൻപത് മുതൽ 12–ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിത അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുമായി പോയത്. വനപാതയിലൂടെ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാമിലെത്തിയത്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് സംഭവം.
വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ഗ്രാമവാസികൾ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. അതേസമയം നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. നീന്തൽ പഠിപ്പിക്കാനായി പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിൽ ഉയർത്തിയതായും ഗ്രാമവാസികൾ ആരോപിച്ചു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻപ് ഒട്ടേറെ ആളുകൾ മുങ്ങിമരിച്ച ഇടത്താണ് സുരക്ഷ ഒരുക്കാതെ പ്രിൻസിപ്പൽ വിദ്യാർഥികളെ കൊണ്ടുപോയതെന്നും അപകട സാധ്യത കാരണം നാല് വർഷമായി ജലാശത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

















