പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഇപ്പോഴത്തെ മുഖം അമേരിക്കയും ഇറാനുമാണ്. എന്നാല്‍, ഇസ്രയേല്‍ ഹമാസിനെ തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ കൊണ്ട് പെടാപ്പാടു പെടുമ്പോള്‍ ഗാസ്സയില്‍ പട്ടങ്ങള്‍ ഉയരുകയാണ്. എപ്പോള്‍ വേണമെങ്കിലും വെടിയേറ്റോ മിസൈല്‍ വീണോ മരിക്കാം എന്ന് തീരുമാനിച്ചുറച്ച ജനത ശിഷ്ട ജീവിതം ആസ്വദിക്കുകയാണ്. മരണത്തെ മുഖാമുഖം കണ്ടുള്ള ആഘോഷങ്ങളില്‍ കുരുന്നുകളും ചേരുന്നുണ്ട്. അവര്‍ വെടിയുണ്ടകള്‍ തീറിപ്പായുന്ന ആകാശങ്ങളില്‍ വര്‍ണ്ണപ്പട്ടങ്ങള്‍ പറത്തിയാണ് ഉല്ലസിക്കുന്നത്. യുദ്ധമുഖത്ത് അവരെന്തു ചെയ്യണം. ഭയന്ന് വിറച്ച് കല്‍ക്കൂമ്പാരങ്ങള്‍ക്കിടയില്‍ ഒളിക്കണോ. അതോ എന്തിനു വേണ്ടിയാണ് മരിക്കുന്നതെന്നു പോലുമറിയാതെ വെടിയുണ്ടയ്ക്ക് ഇരയാകണോ.
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ജനതയാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ പട്ടം പറത്തിയും പുറത്തിറങ്ങിയും ആസ്വദിക്കുന്നത്. എന്നാല്‍, ഗാസ്സയിലെ പട്ടം പറത്തലിനെതിരെ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തു വന്നിരിക്കുകയാണ്. ഗാസ്സയില്‍ നിന്നുള്ള പട്ടങ്ങള്‍ യുദ്ധ ആയുധങ്ങളായി കണക്കാക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും പ്രസ്താവിച്ചിരിക്കുന്നത്. മേഖലയില്‍ നിന്ന് ഇസ്രയേലിലേക്ക് പട്ടങ്ങള്‍, ഡ്രോണുകള്‍, ബലൂണുകള്‍ എന്നിവ പറത്തുന്നത് തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്.
സമീപ ദിവസങ്ങളില്‍ ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒമ്പതോളം പട്ടങ്ങള്‍ കണ്ടെത്തിയെന്നും ഒരെണ്ണം വെടിവെച്ചിട്ടെന്നും സൈന്യം പറയുന്നു.
വെടിവെച്ചിട്ട പട്ടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇസ്രയേലിന്റെ പ്രതികരണം പരിശോധിക്കാന്‍ ഹമാസ് നടത്തുന്ന തന്ത്രപരമായ നീക്കമാണിതെന്നാണ് നെതന്യാഹു അടക്കമുള്ള നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ ഇസ്രയേലിന്റെ ആരോപണങ്ങള്‍ തള്ളി ഹമാസ് രംഗത്തെത്തി. ഗസ്സയില്‍ കുന്നുകൂടി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ കുരുന്നുകള്‍ അവരുടെ ബാല്യം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനെയാണ് ഇസ്രായേല്‍ യുദ്ധമായി പ്രഖ്യാപിക്കുന്നതെന്ന് ഹമാസ് ചൂണ്ടിക്കാട്ടി.
ഗാസ്സയില്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പ്രതികരിച്ചു. പലസ്തീനികള്‍ക്കെതിരായ സൈനിക നീക്കം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനോടും മധ്യസ്ഥ രാജ്യങ്ങളോടും സമാധാന ബോര്‍ഡിനോടും ഹസീം ഖാസിം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഗാസ്സയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ നാല് വയസുള്ള പലസ്തീന്‍ ബാലനും ഉള്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗാസ്സയിലെ പട്ടം പറത്തലിനെതിരെ ഇസ്രയേല്‍ രംഗത്തെത്തിയത്.
പട്ടങ്ങള്‍ പറത്തുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നാണ് ഭീഷണി. മുന്‍ വര്‍ഷങ്ങളില്‍ ഗാസ്സയില്‍ നിന്നുള്ള ഗാസര്‍ പട്ടങ്ങള്‍ ഇസ്രായേലില്‍ തീപിടിത്തത്തിന് കാരണമായിരുന്നു. നിലവില്‍ സമാനമായ പട്ടങ്ങളാണ് അതിര്‍ത്തിയില്‍ കണ്ടെത്തുന്നതെന്നാണ് ഇസ്രായേല്‍ സേനയുടെ അവകാശവാദം. യുദ്ധത്തില്‍ വല്ലഭന് പുല്ലും ആയുധമാകുമെന്നതിനാല്‍ ഇസ്രയേലിന്റെ ഭയത്തിന് ന്യായമുണ്ട്. എന്നാല്‍, എല്ലാം നഷ്ടപ്പെട്ട് കഴിയുന്ന ജനതയുടെ മരണാസന്ന ജീവിതത്തില്‍ കിട്ടുന്ന സമയത്തെ പട്ടം പറത്തലിനെ യുദ്ധമായി കാണുന്നതിനെ ന്യായീകരിക്കാനാവില്ല.

















