ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ വിദ്യാർഥി പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ സൈനിക ഉദ്യോഗസ്ഥൻ വെടിയുതിർത്തതായി ആരോപണം. ഇസ്‌ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. ഫീസ് വർധന, ക്ലാസ് സമയക്രമം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
പ്രതിഷേധം നിയന്ത്രിക്കാൻ സർവകലാശാലയിലെ സ്റ്റുഡന്റ് അഫയേഴ്സ് വിഭാഗം മേധാവി ഡോ. ഐന സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറാകാതിരുന്നതിനെ തുടർന്ന് ഇവർ ഭർത്താവായ സൈനിക ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയെന്നാണ് റിപ്പോർട്ട്.
യൂണിഫോമിൽ സർവകലാശാലയിലെത്തിയ ഉദ്യോഗസ്ഥൻ വിദ്യാർഥികളെ ലാത്തി ഉപയോഗിച്ച് മർദിച്ചതായും പിന്നീട് സർവീസ് പിസ്റ്റൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തതായും വിദ്യാർഥികൾ ആരോപിച്ചു. ഇതിനുശേഷം വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടിയതായും ആരോപണമുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
സംഭവത്തിൽ പാക്കിസ്ഥാൻ സൈന്യം ഇടപെട്ടിട്ടുണ്ട്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
വിദ്യാർഥി പ്രതിഷേധം കൈകാര്യം ചെയ്യുന്നതിനിടെ സൈനിക ഉദ്യോഗസ്ഥൻ ആയുധം ഉപയോഗിച്ചതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സർവകലാശാലാ അധികൃതരുടെയും സുരക്ഷാ വിഭാഗത്തിന്റെയും നടപടികളെക്കുറിച്ചും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

















