ഇടത് പാര്‍ട്ടികളുടെ തമ്മിലടിയാണ് പ്രശ്‌നം. ആരാണ് വലുത്, അരാണ് ചെറുത് എന്ന തര്‍ക്കം തൊട്ട്, വാക്കിലും പ്രവൃത്തിയിലും അകലം ഉണ്ടായിട്ട് കാലമേറെയായി. എന്നാല്‍, സി.പി.എമ്മിന്‍െയും സി.പി.ഐയുടെയും പിറവിക്ക് കാരണഭൂതരായവര്‍ ഒന്നാണ് എന്നതു കൊണ്ട് ഇരട്ടപെറ്റതു പോലെ ഒന്നായിരിക്കണമെന്ന നാട്ടു നടപ്പിനെ മാനിച്ച് മുന്നണിയില്‍ തുടരുകയാണ്. സി.പി.ഐയ്ക്ക് സി.പി.എമ്മിന്റെ ഏകാധിപത്യ ഭരണം പിടിക്കുന്നില്ല എന്നു മാത്രമല്ല, ആരോപണങ്ങളുടെ ഹിമാലയത്തില്‍ ഇരിക്കുന്നവരെ ന്യായീകരിക്കാനും മനസ്സില്ല. എന്നാല്‍, ഭരണവും വേണം പേരും വേണം പക്ഷെ, ചീത്തപ്പേരു കേള്‍ക്കാന്‍ നില്‍ക്കാനും വയ്യെന്ന സി.പി.ഐ നിലപാടിനോട് സി.പി.എമ്മിന് പണ്ടേ വെറുപ്പുമാണ്. ഇതു തന്നെയാണ് മുന്നണിയിലും മുറുമുറുപ്പായി ഉയരുന്നതും ഇടയ്ക്കിടയ്ക്ക് പൊട്ടുന്നതും.
എല്‍.ഡി.എഫിലെ ഡീസന്റ് പാര്‍ട്ടി എന്നാണ് സി.പി.ഐയെ വിശേഷിപ്പിക്കുന്നത്. അതായത്, അടികൊള്ളാന്‍ ചെണ്ടയും സമ്മാനം വാങ്ങാന്‍ മാരാരും എന്ന ലൈനില്‍. സി.പി.എമ്മാണ് കേരളത്തിലെ ഇടതുപക്ഷ സമര രാഷ്ട്രീയ പാര്‍ട്ടി. അതുകൊണ്ടുതന്നെ അതിന് ചീത്തപ്പേരുമുണ്ട്. സത്‌പ്പേരുമുണ്ട്. സി.പിഐയ്ക്കാണെങ്കില്‍ സത്‌പ്പേരു മാത്രമാണ് ആവശ്യവും. ഇതു തമ്മില്‍ പരസ്പ്പരം ചേര്‍ച്ചയില്ലാതെ നില്‍ക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ തട്ടി പൊട്ടിയ മാനം മുഖ പത്രത്തിലെ ലേഖനത്തിലൂടെ അറിയിച്ചിരിക്കുകയാണ് സി.പി.ഐ. ഇന്ന് ജനയുഗം പ്രസിദ്ധീകരിച്ച ലേഖത്തിന് മറുപടി നാളെ ദേശാഭിമാനിയയില്‍ പ്രതീക്ഷിച്ചിരിപ്പാണ് ജനങ്ങള്‍. ഉത്രാടത്തിന് കിട്ടിയ അടിക്ക് തിരുവോണത്തിന് തിരിച്ചു കൊടുക്കുമോ.
പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയാണ് സി.പി.ഐയുടെ ലേഖനം.
പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും ധാര്‍മികത ഇല്ലായ്മയുമാണെന്നും സി.പി.ഐ നേതാവ് സത്യന്‍ മൊകേരി ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘കൂട്ടായ നേതൃത്വമാണ് എല്‍.ഡി.എഫിന്റെ അന്തഃസത്ത’ എന്ന തലക്കെട്ടിലാണ് ലേഖനം. എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. ഉപനേതൃ പദവിയില്‍ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍ഡിഎഫിലെ കൂട്ടായ പ്രവര്‍ത്തനത്തിനായി സിപിഐ മുന്നോട്ടുവെച്ചതാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം. സിപിഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പിണറായി അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്. ‘ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്തുകൊടുക്കേണ്ടതുണ്ടോ? അത് കൊടുത്താല്‍ ഉപനേതാവ് വരും. സി.പി.എം നേതാവിന്റെ പേര് കൊടുക്കും,’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
പിണറായിയുടെ പ്രസ്താവന എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്നതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്നും വിമര്‍ശനമുണ്ട്. സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എടുത്ത നിലപാടുകള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, മുന്നണികളിലെ പാര്‍ട്ടികളോട് എങ്ങനെ സമീപിക്കണം എന്നതൊക്കെ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നും ലേഖനം നിര്‍ദേശിക്കുന്നു.

















