ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന നടി ഷീല തന്റെ ജീവിതത്തിൽ നേരിട്ട സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. അഞ്ച്–ആറ് വർഷം മുമ്പ് വീട്ടിൽ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്നും, കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമികൾ പിന്നീട് മറ്റുള്ളവർ കൈക്കലാക്കിയെന്നും ഷീല വെളിപ്പെടുത്തി.
മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യങ്ങൾ പറഞ്ഞത്. മോഷണം നടന്ന സമയത്ത് വീട്ടിൽ അഞ്ച് ജോലിക്കാർ ഉണ്ടായിരുന്നുവെന്നും, എന്നാൽ യഥാർഥ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ എല്ലാവരെയും വിട്ടയക്കാൻ താൻ പൊലീസിനോട് ആവശ്യപ്പെട്ടതായും ഷീല പറഞ്ഞു.
പല വിവാഹച്ചടങ്ങുകളിലും പങ്കെടുക്കേണ്ടിവന്നതിനാൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന ചില ആഭരണങ്ങൾ വീട്ടിൽ എടുത്തുവെച്ചിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് ഷീല പറഞ്ഞു. ഡ്രസ്സിങ് റൂം വഴിയാണ് കള്ളൻ ബെഡ്‌റൂമിലെത്തിയതെന്നാണ് പൊലീസ് പരിശോധനയിൽ മനസ്സിലായതെന്നും അവർ വ്യക്തമാക്കി. അഞ്ച് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും ആരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
“ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവർ നിരപരാധികളായിരിക്കാം. അവരും പൊലീസ് ചോദ്യം ചെയ്യലിന് വിധേയരാകുന്നത് കണ്ടപ്പോൾ എല്ലാവരെയും വിട്ടയക്കാൻ ഞാൻ ആവശ്യപ്പെട്ടു,” എന്നാണ് ഷീല പറഞ്ഞത്.
കോടികൾ വിലവരുന്ന ഭൂമിയും നഷ്ടമായി
തന്റെ സ്വത്തുക്കളുടെ കാര്യങ്ങൾ കൃത്യമായി നോക്കാൻ ആളില്ലാതിരുന്നതും വലിയ നഷ്ടങ്ങൾക്ക് കാരണമായെന്ന് ഷീല പറഞ്ഞു. അഭിനയത്തിൽ നിന്ന് മാറിനിന്നശേഷം താൻ വാങ്ങിയ ഭൂമികൾ പരിശോധിക്കാൻ പോയപ്പോഴാണ് ചില സ്ഥലങ്ങളിൽ മറ്റുള്ളവർ വീടുകൾ ഉൾപ്പെടെ നിർമിച്ചതായി മനസ്സിലായത്.
ഒരു സെന്റിന് രണ്ട് കോടി രൂപ വരെ വിലവരുന്ന ഭൂമികൾ പോലും നഷ്ടമായതായി ഷീല പറയുന്നു. കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണവും സ്വത്തുക്കളും നഷ്ടപ്പെട്ടത് ഓർക്കുമ്പോൾ ഇപ്പോഴും വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
താൻ ഉറക്കമിളച്ചും കഷ്ടപ്പെട്ടും സമ്പാദിച്ച സ്വത്തുക്കളാണ് നഷ്ടമായതെന്നും, അതാണ് ഇന്നും ഏറ്റവും വലിയ വേദനയെന്നും ഷീല അഭിമുഖത്തിൽ പറഞ്ഞു.

















