Kerala

മതവിശ്വാസം ഭരണഘടനയെ മാനിച്ച് പിന്തുടരണം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുകരണീയമല്ല; മന്ത്രി ബിന്ദു കൃഷ്ണ

സമൂഹത്തില്‍ അടിക്കടി ഉയര്‍ന്നുവരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുകരണീയമല്ലെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഭരണഘടനയെ മാനിച്ചുകൊണ്ടാകണം ഓരോരുത്തരും തങ്ങളുടെ മതവിശ്വാസങ്ങള്‍ പിന്തുടരേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കനുസൃതമായി നിയമപരമായാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതേസമയം, ലിംഗഭേദമന്യേ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന, ലിംഗനീതി ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ.

രാജ്യത്തെ സ്ത്രീകള്‍ ഇരുണ്ടകാലത്തെ അതിജീവിച്ചവരാണ്. നവോത്ഥാന നായകരുടെയും ദീര്‍ഘവീക്ഷണമുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ മിടുക്കും കഴിവും തെളിയിച്ച് മത്സരപരീക്ഷകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കുന്നു. സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള മേഖലകളില്‍ അവര്‍ സജീവമായി പ്രവര്‍ത്തിക്കുകയും മുന്നേറുകയും ചെയ്യുന്നു.

ജനാധിപത്യ ഭരണക്രമത്തിലും സ്ത്രീകള്‍ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭരണതലങ്ങളില്‍ ആത്മവിശ്വാസത്തോടെ അവര്‍ നേതൃത്വം നല്‍കുന്നു. രാജ്യത്തിന്റെ പ്രഥമപൗര വനിതയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദീര്‍ഘകാലം രാജ്യത്തെ നയിച്ച വനിതയാണ്. പാകിസ്ഥാനില്‍ ബേനസീര്‍ ഭൂട്ടോയും ബംഗ്ലാദേശില്‍ ഷേഖ് ഹസീനയും, ഖലീദ സിയയും ഉള്‍പ്പെടെയുള്ള വനിതകള്‍ രാജ്യങ്ങളുടെ ഭരണനേതൃത്വം വഹിച്ചു. മാര്‍ഗരറ്റ് താച്ചറെ പോലുള്ള ശക്തരായ വനിതകളുടെ ഉദാഹരണങ്ങളും ലോകത്തുണ്ട്.

സ്ത്രീയെന്നോ പുരുഷനെന്നോ മറ്റേതെങ്കിലും ലിംഗഭേദമെന്നോ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം പ്രപഞ്ചത്തിന്റെ അവകാശികളാണ്. അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധമായ സമീപനങ്ങള്‍ കേരളത്തിനോ ഇന്ത്യയ്‌ക്കോ ലോകത്തിനോ അനുകരണീയമല്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അതിനെ അംഗീകരിക്കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ ഭരണഘടനാപരമായി തുല്യനീതിയും അവകാശങ്ങളുമുള്ള വ്യക്തിത്വങ്ങളാണെന്ന കാര്യം ആരുംതന്നെ വിസ്മരിക്കാന്‍ പാടില്ല. സ്വന്തം മതവിശ്വാസങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ സ്ത്രീകള്‍ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളും ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ആര്‍ജവത്തോടെയും തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ച് മുന്നേറുകയാണ്. രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ അവര്‍ സ്വന്തമാക്കുന്നു. സ്ത്രീകളുടെ മുന്നേറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഇനിയും ആവശ്യമായ പിന്തുണ ഉറപ്പാക്കും. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സ്ത്രീകള്‍ ഭരണാധികാരികളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന തരത്തിലുള്ള നിലപാട് പൊതുസമൂഹത്തിന് സ്വീകാര്യമല്ല. അത്തരം സമീപനങ്ങളോട് സംസ്ഥാന സര്‍ക്കാരിനും തനിക്കും യോജിപ്പില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.