വേലിതന്നെ വിളവു തിന്നുമ്പോള്‍ എന്തു ചെയ്യും. നികുതി വെട്ടിപ്പ് കണ്ടെത്തി രാജ്യത്തിനും സംസ്ഥാനത്തിനും കിട്ടേണ്ട നികുതി വരുമാനം തിരിച്ചു പിടിക്കാനുള്ള വകുപ്പാണ് ജി.എസ്.ടി. എന്നാല്‍, ജി.എസ്.ടി വകുപ്പിലെ ഉന്നതര്‍ നികുതിവെട്ടിപ്പിനു കൂട്ടുനില്‍ക്കുമ്പോള്‍ വന്‍കിട കച്ചവടക്കാര്‍ കോടികള്‍ അനധികൃതമായി സമ്പാദിക്കുകയും, നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് അതിന്റെ ഒരു വിഹിതം നല്‍കി സന്തോഷം കണ്ടെത്തും. അപ്പോള്‍ സര്‍ക്കാരിനു കിട്ടേണ്ട നികുതി ഇല്ലാതാകും. ഇങ്ങനെ കോടികളുടെ നഷ്ടം ഖജനാവിന് ഉണ്ടാകുമ്പോള്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനം മുരടിക്കുമെന്നതില്‍ തര്‍ക്കമില്ല. നികുതി പിരിവില്‍ കുറവു വരുമ്പോള്‍ അത്, സാധാരണക്കാരിലേക്ക് സര്‍ക്കാര്‍ അധികമായി ചുമത്തും.
ഇങ്ങനെ സാധാരണ മനുഷ്യരെ ദ്രോഹിക്കുക കൂടിയാണ് ജി.സി.ടി. വകുപ്പിലെ കൈക്കൂലി വാങ്ങി ജീവിക്കുന്ന ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കൈക്കൂലിക്കും ജി.എസ്.ടി. ചുമത്തുന്ന തരത്തിലാണ് ചില ഉദ്യോഗസ്ഥര്‍ വന്‍കിട കച്ചവടക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത്. ജി.എസ്.ടി വകുപ്പിലെ ദോയിന്റെ കമ്മിഷണര്‍ പ്രജീന രാജനെ കഴിഞ്ഞ ദിവസം വിജിലന്‍സ് പിടിച്ചിരുന്നു. അവരുടെ വീടും റെയ്ഡ് ചെയ്തു. റെയ്ഡില്‍ 14 ലക്ഷം രൂപയും, 788 യു.എസ്. ഡോളറും വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത പണമായി കണ്ടെത്തി. ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ പേരില്‍ അവിമതി നലടത്തുന്നുണ്ട് എന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
നികുതി വെട്ടിപ്പ് നടത്തിയ വന്‍കിടക്കാരില്‍ നിന്നും ബാറുടമകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി ഫയലുകള്‍ ഒത്തു തീര്‍പ്പാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ പച്ചാളത്തെ വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത രൂപയും യുഎസ് ഡോളറും വിദേശ കറന്‍സിയും നിര്‍ണ്ണായക രേഖകളും പിടിച്ചെടുത്തത്. ജി.എസ്.ടി ടാക്‌സ്‌പേയര്‍ സര്‍വീസ് (TPS) ജോയിന്റ് കമ്മിഷണര്‍ പ്രജനീ രാജന്റെ (50) പേരിലുള്ള പരാതിയിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച തിരച്ചില്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്ടര്‍ എ.ജി. ബിബിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൊച്ചി നഗരത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ ഒരേസമയം മിന്നല്‍ പരിശോധന നടത്തിയത്.
രാവിലെ 9 മണിയോടെ തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടര്‍ന്നു. പച്ചാളം ഇരട്ടക്കുളങ്ങര റോഡിലുള്ള ‘പ്രജനീ വിലാസ്’ എന്ന വീട്ടിലും, തേവര ജി.എസ്.ടി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഔദ്യോഗിക ഓഫീസിലുമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ സംയുക്ത പരിശോധന. തേവരയിലെ ചേംബറില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതും അന്തിമ ഉത്തരവിനായി മാറ്റിവെച്ചതുമായ നിരവധി കേസുകളുടെ ഫയലുകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. വസതിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അലമാരകളിലും രഹസ്യ അറകളിലുമായി സൂക്ഷിച്ചിരുന്ന 14 ലക്ഷം ഇന്ത്യന്‍ രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തത്. പണത്തിന് പുറമെ ഭൂമിയിടപാടുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ സംബന്ധിച്ച രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇവ വിശദമായി പരിശോധിച്ച ശേഷമേ സ്വത്ത് ആസ്തി സംബന്ധിച്ച പൂര്‍ണ്ണ ചിത്രം വ്യക്തമാകൂ. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് കമ്മീഷണര്‍മാരും കണ്ടെത്തുന്ന കേസുകളില്‍ അന്തിമ നടപടിയും അനുമതിയും നല്‍കേണ്ട സുപ്രധാന ചുമതലയായിരുന്നു ജോയിന്റ് കമ്മീഷണര്‍ എന്ന നിലയില്‍ പ്രജനീ രാജനുണ്ടായിരുന്നത്. റെയ്ഡുകളിലൂടെയും ഓഡിറ്റുകളിലൂടെയും പിടികൂടുന്ന നികുതി വെട്ടിപ്പുകാരില്‍ നിന്ന് നേരിട്ടും ഇടനിലക്കാര്‍ വഴിയും ലക്ഷങ്ങള്‍ കോഴ വാങ്ങി പിഴ ഒഴിവാക്കിക്കൊടുക്കുകയോ കേസുകള്‍ ഒതുക്കുകയോ ചെയ്യുന്നതായിരുന്നു ഇവരുടെ പതിവ് രീതി. സംസ്ഥാനത്തെ വിവിധ ബാറുടമകളുടെ ഭാഗത്തുനിന്നുണ്ടായ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയ ഫയലുകളില്‍ നടപടിയെടുക്കാതിരിക്കാന്‍ ഭീമമായ തുക കൈക്കൂലിയായി ഈടാക്കിയെന്ന് വിജിലന്‍സിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.
കൈക്കൂലി വാങ്ങുന്നതിലെ അതിരുകടന്ന അത്യാഗ്രഹവും കീഴുദ്യോഗസ്ഥരോടുള്ള ഭീഷണിയും കാരണം ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഇവരെ രഹസ്യമായി വിളിച്ചിരുന്നത് ‘ലേഡി വള്‍ച്ചര്‍’ (Lady Vulture) എന്നായിരുന്നു. സെയില്‍സ് ടാക്‌സ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ച പ്രജനീ രാജന്‍ ഘട്ടംഘട്ടമായാണ് ജോയിന്റ് കമ്മീഷണര്‍ പദവിയിലേക്ക് ഉയര്‍ന്നത്. അഴിമതിക്കാരിയായ ഇവര്‍ക്ക് പ്രധാനപ്പെട്ട ഫീല്‍ഡ് പോസ്റ്റിംഗുകളോ ഉയര്‍ന്ന സ്ഥാനക്കയറ്റമോ നല്‍കരുതെന്ന് മുന്‍പ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. മുന്‍പ് ഭരണകക്ഷി അനുകൂല സംഘടനയായ കെ.ജി.ഒ.എ-യില്‍ (KGOA) സജീവമായിരുന്ന ഇവര്‍, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിജിലന്‍സ് അന്വേഷണങ്ങളെയും ഡിപ്പാര്‍ട്ട്‌മെന്റ് തല പരാതികളെയും നിഷ്പ്രഭമാക്കുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇവര്‍ വലതുപക്ഷ അനുകൂല സംഘടനയായ കെ.ജി.ഒ.യുവില്‍ (KGOU) അംഗത്വമെടുത്ത് സംരക്ഷണം ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു.















