മലയാളത്തിൽ റിപ്പീറ്റ് വാല്യൂവുള്ള റോം-കോം ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം സൃഷ്‌ടിച്ചെടുത്ത നിവിൻ്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത ബെത്ലഹേം കുടുംബ യൂണിറ്റ്. മമിത ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്‌ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ വൻ കളക്ഷനുമായി ബോക്‌സ് ഓഫീസിൽ മുന്നേറുകയാണ്.
ഇപ്പോഴിതാ, സിനിമാ വിശേഷങ്ങളും വ്യക്തിജീവിതവും പങ്കുവെച്ച് നടൻ നിവിൻ പോളി നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാധ്യമപ്രവർത്തക രേഖ മേനോൻ അവതരിപ്പിക്കുന്ന ‘FTQ വിത്ത് രേഖ മേനോൻ’ എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്. തന്റെ സിനിമകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നിലവിലെ ലുക്കിനെക്കുറിച്ചും താരം രസകരമായി സംസാരിച്ചു.
പഠന കാര്യത്തിൽ താൻ ഇടപെടാറില്ലെന്നും മക്കളുടെ എല്ലാ കാര്യവും നോക്കുന്നത് ഭാര്യയാണെന്നും നിവിൻ പറയുന്നു. പിള്ളേരുടെ എല്ലാ കാര്യവും നോക്കുന്നത് റിന്നയാണ്. എല്ലാ ക്രെഡിറ്റും ഞാൻ കൊടുക്കുന്നതും റിന്നയ്ക്ക് തന്നെയാണ്. ഞാൻ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അവർക്കൊപ്പം എഞ്ചോയ് ചെയ്യാൻ വേണ്ടി ഇരിക്കുകയാണല്ലോ. എന്ന് കരുതി എന്ത് തോന്നിവാസം കാണിച്ചാലും സമ്മതം കൊടുക്കില്ല. ഒരു ലൈൻ നമ്മളും വരച്ചിട്ടുണ്ടാകുമല്ലോ. അതിന് അപ്പുറത്തേക്ക് പോയാൽ സ്ട്രിക്ടാകും. ഇപ്പുറത്താണെങ്കിൽ പോട്ടെ സാരമില്ലെന്ന് കരുതും. അവരിൽ നിന്നും എന്തെങ്കിലും പഠിക്കാൻ തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ… ഇപ്പോഴത്തെ ജനറേഷൻ നമ്മൾ വളർന്നത് പോലെയല്ലോ വളരുന്നത്. അവർ വളരെ ഓപ്പണാണ്… ഫ്രീയാണ്. ഓപ്പണായി സംസാരിക്കും.
നുണ പറയാൻ ഇഷ്ടപ്പെടുന്നില്ല. ചിലപ്പോൾ ഞങ്ങൾ പറയും ടീച്ചറിനോട് നാളെ വരില്ലെന്ന് പറയൂവെന്ന്. നമ്മൾ ഇങ്ങനെ പോവുകയാണെന്ന് പറയൂ എന്നൊക്കെ. മക്കൾ പക്ഷെ സമ്മതിക്കില്ല. ഇല്ല നുണ പറയേണ്ട കാര്യമില്ലെന്ന് അവർ പറയും. അപ്പോൾ ടീച്ചറിനോട് എന്ത് പറയുമെന്ന് ചോദിക്കുമ്പോൾ അത് യു ഗയ്സ് മാനേജ് എന്നാണ് മക്കളുടെ മറുപടി. അത് നിങ്ങൾ മാനേജ് ചെയ്തോളൂ. നിങ്ങൾ രക്ഷിതാക്കളാണല്ലോ. ഞാൻ എന്തിനാണ് നുണ പറയുന്നത്?. ഞാൻ നുണ പറയില്ല. സ്കൂളിൽ പോകാൻ ലേറ്റായപ്പോൾ പലപ്പോഴായി അത് സംഭവിച്ചു. എന്ത് കാരണം അധ്യാപകരോട് പറയുമെന്ന് ചോദിച്ചപ്പോൾ എന്താണോ സംഭവിച്ചത് അത് പറഞ്ഞോളാം എന്നായിരുന്നു മക്കളുടെ മറുപടി. അതൊക്കെ കേട്ടപ്പോൾ നൈസ് പരിപാടിയാണ്. വാല്യൂസ് കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് മനസിലായി. മക്കളുടെ പഠനത്തിലൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. കാരണം അതിൽ ഞാൻ മികച്ച ഒരാളല്ലല്ലോ. ചില സമയത്ത് റിന്ന വന്ന് ഹിന്ദി പഠിപ്പിക്കാനൊക്കെ പറയും. ഞാൻ പഠിപ്പിച്ച് തുടങ്ങുമ്പോൾ റിന്ന തന്നെ ബുക്ക് എടുത്തിട്ട് പോകും. ഞാൻ തന്നെ പഠിപ്പിക്കുന്നതാകും നല്ലതെന്ന് അവൾ പറയും എന്നും നിവിൻ പോളി പറയുന്നു.
ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലൊരുങ്ങുന്ന (LCU) ‘ബെൻസ്’ എന്ന തമിഴ് ചിത്രത്തിൽ ‘ട്വിൻ ഫിഷ് വാൾട്ടർ’ എന്ന വില്ലൻ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ചിത്ര കരാർ അനുസരിച്ച് താടി മാറ്റാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും അണിയറപ്രവർത്തകരെ വിളിച്ച് മടുത്തുവെന്നും നിവിൻ പറഞ്ഞു. “ഈ അഭിമുഖം കണ്ടിട്ടെങ്കിലും സിനിമ പൂർത്തിയാക്കി തരു എന്ന് കരുതുന്നു” എന്ന് താരം ചിരിയോടെ വ്യക്തമാക്കി.