ഒരു രക്ഷിതാവെന്ന നിലയിൽ താൻ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം ‘ദയ്‌റ’യുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും കൃത്യമായ ബോധവൽക്കരണത്തെക്കുറിച്ചുമുള്ള പൃഥ്വിരാജിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. കുട്ടികളിൽ സുരക്ഷാബോധം വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണെന്നും, ഇത്തരം സംഭാഷണങ്ങൾ പെൺകുട്ടികളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നും ആൺകുട്ടികളോടും തുറന്നു സംവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘‘എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്. ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സുരക്ഷിതമായത് ഏതാണ്, അല്ലാത്തത് ഏതാണ് എന്ന് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്കളങ്കമായ ലോകമായിരുന്നുവെങ്കിൽ, എനിക്ക് ഒരിക്കലും അവളോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ലല്ലോ. പക്ഷേ, ഒരു പൗരനെന്ന നിലയിൽ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്കെന്താണ് ചെയ്യാൻ കഴിയുക? തെറ്റ് ചെയ്യാതിരിക്കുക. ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ സംഭാഷണം പെൺകുട്ടികളോട് മാത്രം പോരാ, ആൺകുട്ടികളോടും അത്രതന്നെ ശക്തമായി ഉണ്ടായിരിക്കണം. ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തിന് ഒരൽപം കൂടുതൽ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുവെങ്കിൽ, അത് മാതാപിതാക്കളായ നമ്മൾക്കാണ്. നമ്മളാണ് ഈ സന്ദേശം സമൂഹത്തിൽ ഉറക്കെ വിളിച്ചോതാനും, ഇതിനായുള്ള ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മുൻകൈ എടുക്കേണ്ടവർ.’’– പൃഥ്വിരാജ് പറഞ്ഞു.

















