ശാലിനി പാണ്ഡെശാലിനി പാണ്ഡെതെലുങ്ക്, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടിയാണ് ശാലിനി പാണ്ഡെ. 2017-ൽ വിജയ് ദേവരകൊണ്ട നായകനായ ‘അർജുൻ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശാലിനി പാണ്ഡെ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ‘മഹാനടി’ (2018), ‘118’ (2019), ‘100% കാതൽ’ (2019), ‘ജയേഷ്ഭായ് ജോർദാർ’ (2022), ‘മഹാരാജ്’ (2024) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ വേഷമിട്ടു. പുൽകിത് സമ്രാട്ട്, വരുൺ ശർമ്മ, ചുങ്കി പാണ്ഡെ എന്നിവർക്കൊപ്പം അഭിനയിച്ച ‘രാഹു കേതു’ ആണ് ശാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ, നിർമിത ബുദ്ധി ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി നടി ശാലിനി പാണ്ഡെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ടോപ്‌ലെസ് ക്ലിപ്പ് വ്യാജമാണെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ശാലിനി വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം ‘അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്’ എന്ന് അവർ തുറന്നടിച്ചു.
ഏതാനും ദിവസങ്ങൾക്കുമുൻപാണ് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ശാലിനി പാണ്ഡേയുടെ വ്യാജ വീഡിയോ പ്രചരിച്ചത്. എന്നാൽ ഈ ദൃശ്യങ്ങൾ പൂർണ്ണമായും എഐ നിർമ്മിതവും വ്യാജവുമാണെന്ന് ശാലിനി വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലാണ് താരം ഇതിനെതിരെ ശബ്ദമുയർത്തിയത്. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ പൂർൺമായും വ്യാജമാണെന്നും അതിലുള്ളത് താനല്ലെന്നും വ്യക്തമാക്കിയ താരം, വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് ദ്രോഹിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള ദുരുപയോഗത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗങ്ങൾ ഒരിക്കലും സാധാരണയായി കാണരുത്. നിങ്ങൾ ഈ വീഡിയോ കാണാനിടയായാൽ, ദയവായി അത് പങ്കുവെക്കുകയോ, ഫോർവേർഡ് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. പകരം, ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യുക. ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പെരുമാറാനും, ഈ വീഡിയോയ്ക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് പകരം അത് തടയാൻ സഹായിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി!” ശാലിനി പാണ്ഡേ കൂട്ടിച്ചേർത്തു.

















