ഷാർജയിലെ ഗതാഗതക്കുരുക്കിന് ഇനി വലിയ ആശ്വാസം. അൽ തആവുൻ തുരങ്ക പാതയുടെ ഒന്നാം ഘട്ടം നവംബറിൽ തുറക്കും. അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായാണ് നിർമാണം വേഗത്തിലാക്കിയത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്നത്.
അൽ തആവുൻ റൗണ്ട് എബൗട്ടിന് അടിയിലൂടെ നിർമിക്കുന്ന 500 മീറ്റർ നീളമുള്ള തുരങ്ക പാതയിൽ ഇരുവശത്തേക്കും മൂന്ന് വരികൾ വീതമാണുള്ളത്. 2027 ഫെബ്രുവരിയോടെ പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ കാത്തിരിപ്പ് സമയം 85 ശതമാനം വരെ കുറയും.
പുതിയ സിഗ്നലൈസ്ഡ് ഇന്റർസെക്ഷൻ വഴി തിരക്കുള്ള സമയങ്ങളിൽ മണിക്കൂറിൽ ഇരുവശത്തേക്കുമായി 4,200 വാഹനങ്ങളെ കടത്തിവിടാനാകും. അൽ താവൂൻ സ്ട്രീറ്റിനെ അൽ നഹ്ദ ബ്രിഡ്ജുമായും ദുബൈയുമായും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ പാത. പുസ്തകമേള ഉൾപ്പെടെ അന്താരാഷ്ട്ര മേളകളുടെ വേദിയായ ഷാർജ എക്‌സ്‌പോ സെന്ററിലേക്കുള്ള യാത്രയും ഇതോടെ എളുപ്പമാകും.

















