2026 തന്റെ ജീവിതത്തിൽ ഏറെ അവിസ്മരണീയമായ വർഷമാണെന്ന് വെളിപ്പെടുത്തി തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട. പുതിയ ചിത്രമായ ‘രോമാഞ്ചക’ത്തിന്റെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കവെയാണ് മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ച കാര്യവും രശ്മിക മന്ദാനയുമായുള്ള വിവാഹശേഷമുള്ള ജീവിതവിശേഷങ്ങളും താരം പങ്കുവെച്ചത്.
എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ 2026 തനിക്കൊരു ത്രില്ലിങ് വര്‍ഷമാണെന്ന് വിജയ് ദേവരക്കൊണ്ട പറഞ്ഞു. 1989 ലാണ് ഞാന്‍ ജനിച്ചത്. ഓരോ വര്‍ഷവും ത്രില്ലിങ്ങായിരുന്നുവെന്ന് പറയാം. എന്‍റെ പോക്കറ്റില്‍ പൈസയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ സ്കോച്ച് വിസ്കികളായ ബ്ലെന്‍ഡേഴ്സ് പ്രൈഡും, ഗ്ലെന്‍ഫിഡ്ചും കുടിക്കുമായിരുന്നു. ഇപ്പോള്‍ മദ്യപാനം ഞാന്‍ നിര്‍ത്തി’- താരം പറഞ്ഞു. മദ്യപാനം നിര്‍ത്താനുള്ള കാരണം വിജയ് വെളിപ്പെടുത്തിയില്ല. ഇതുവരെയുള്ള ജീവിതത്തെ കുറിച്ചും പരിപാടിയില്‍ വിജയ് വെളിപ്പെടുത്തി. ‘ഞാന്‍ പ്രണയത്തിലായി, ഹൃദയം തകര്‍ന്നു, ഇപ്പോള്‍ വിവാഹം കഴിച്ചു. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെങ്കിലും ആകെ മൊത്തം ത്രില്ലിങ്ങാണ്’- താരം പറഞ്ഞു. പ്രമോഷന്‍ പരിപാടിക്കിടെ ആരാധകരിലൊരാള്‍ രശ്മികയെ കുറിച്ചും ചോദിച്ചു. ‘ഞങ്ങളുടെ നാത്തൂനെവിടെ?’ എന്നായിരുന്നു ചോദ്യം. ‘നിങ്ങളുടെ നാത്തൂനോ, അവള്‍ സുഖമായിരിക്കുന്നു. ചെറിയ പരുക്കേറ്റിരുന്നു. ഇപ്പോള്‍ സുഖം പ്രാപിക്കുന്നു’- വിജയ് പറഞ്ഞു. ഷൂട്ടിങിനിടെ അരക്കെട്ടിന് പരുക്കേറ്റ് വിശ്രമത്തിലാണ് രശ്മിക.
ഫെബ്രുവരിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിജയ്-രശ്മിക വിവാഹം. തെലുങ്ക്, കൊഡവ ആചാരപ്രകാരം നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

















