നഗരതിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്തത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന യാത്രാപ്രേമികൾക്ക് പോകാൻ പറ്റിയ ഇടമാണ് കോഴിക്കോട്ടെ കരിയാത്തുംപാറ.
സഞ്ചാരികളുടെ മനസ്സുകവരുന്ന പ്രകൃതിസൗന്ദര്യവും വന്യമായ ഭംഗിയും കൊണ്ട് ‘കേരളത്തിലെ സ്വിറ്റ്‌സർലാൻഡ്’, ‘മലബാറിന്റെ തേക്കടി’, ‘മലബാറിന്റെ ഊട്ടി’ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഈ പ്രകൃതിദത്ത തുരുത്ത് അറിയപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ കരിയാത്തുംപാറ, പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കക്കയത്തിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
വെള്ളത്തിലും കരയിലുമായി പടർന്നുനിൽക്കുന്ന പച്ചപ്പും മരങ്ങളും ശാന്തമായി ഒഴുകുന്ന തെളിനീരരുവികളുമാണ് കരിയാത്തുംപാറയുടെ പ്രധാന ആകർഷണം.
മഞ്ഞുമൂടിയ മലനിരകളും പൈൻ മരക്കൂട്ടങ്ങളും പ്രകൃതി സ്നേഹികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയിലെത്താം. വയനാട്ടിൽ നിന്ന് പൂനൂർ എസ്റ്റേറ്റ് മുക്ക് വഴിയും ഇവിടെയെത്താം.

















