സൗദി അറേബ്യയും നേപ്പാളും തമ്മിൽ പുതിയ വ്യോമഗതാഗത സേവന കരാറിൽ ഒപ്പുവെച്ചു..
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാ(GACA)യി വ്യോമഗതാഗത, അന്താരാഷ്ട്ര സഹകരണ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലി റജബും നേപ്പാൾ ഗവൺമെന്റിനായി സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ജയ നാരായൺ ആചാര്യയുമാണ് കരാറിൽ ഒപ്പുവച്ചത്.
സൗദി സംഘത്തിന്റെ ഔദ്യോഗിക സന്ദർശന വേളയിൽ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വെച്ചാണ് ഒപ്പിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതത്തിന് സുരക്ഷിത ചട്ടക്കൂട് സ്ഥാപിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
സിവിൽ ഏവിയേഷനിലും ടൂറിസത്തിലുമുള്ള സഹകരണം ചർച്ച ചെയ്യാൻ നേപ്പാൾ സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി ഖഡക് രാജ് പൗഡലുമായി റജബ് കൂടിക്കാഴ്ച നടത്തി.

















