Business

BSNL തരുവോണനാളില്‍ മാത്രം ഡാറ്റാ ഉപയോഗം 1 ടിബി കടന്നു

ബി.എസ്.എന്‍.എല്‍ (BSNL) കേരള സര്‍ക്കിള്‍ വയര്‍ലെസ്, FTTH കണക്ഷനുകളുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് ശക്തമായ മുന്നേറ്റം തുടരുന്നു. തിരുവോണ നാളില്‍ മാത്രം, ബിഎസ്എന്‍എല്‍ (BSNL) നെറ്റ്വര്‍ക്കിലെ ഡാറ്റാ ഉപയോഗം 1 ടിബി (TB) കടന്നതായി ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (ടെലികോം) ആര്‍. സജി കുമാര്‍ ഐ.ടി.എസ് പറഞ്ഞു. തിരുവനന്തപുരം പിഎംജിയിലെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍-BSNL ) ഓഫീസില്‍ നടന്ന പ്രതിമാസ ഇന്റര്‍ മീഡിയ പബ്ലിസിറ്റി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷ്യമിട്ട ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീകരിച്ച ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ഒരു ലക്ഷം പിന്നിട്ടതായി സിജിഎം അറിയിച്ചു. ടാങ്കോ ടി വി പങ്കാളിത്തത്തോടെ നിരവധി സൗജന്യ വിനോദ-വിദ്യാഭ്യാസ ഉള്ളടക്കങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ FTTH കണക്ഷനും BSNL മൊബൈല്‍ കണക്ഷനും ബുക്ക് ചെയ്യുന്നത്തിനുള്ള സൗകര്യം ആപ്പിലുണ്ട്. ബിഎസ്എന്‍എല്ലിന്റെ പദ്ധതികളും നേട്ടങ്ങളും കേരള സര്‍ക്കിള്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ശ്രീ പി ജി നിര്‍മല്‍ വിശദീകരിച്ചു.

സംസ്ഥാനത്തെ 4G കവറേജ് 20%-ല്‍ നിന്ന് ~98% ആയി ഉയര്‍ന്നു. കേരളത്തിലുടനീളം 1000 പുതിയ 4G സൈറ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 4 ജി സച്ചുറേഷന്‍ പദ്ധതി ഗോത്ര വര്‍ഗ്ഗ, സേവനം ലഭ്യമല്ലാത്ത മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് നടപ്പിലാക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങളിലേക്കും (PVTG) ബിഎസ്എന്‍എല്‍ 4 ജി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 7200 ടവറുകളാണ് നിലവില്‍ ബിഎസ്എന്‍എല്‍-നുള്ളത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എലിന്റെ ലാഭത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2023 -24 ല്‍ 90 കോടിയായിരുന്ന ലാഭ വിഹിതം 2025-26 വര്‍ഷത്തില്‍ 190 കോടിയായി ഉയര്‍ന്നു.

വിനിമയം സാധ്യമല്ലാത്ത വിദൂര മേഖലകള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണ്‍ ഏറെ സഹായകരമാണെന്ന് ശ്രീ പി ജി നിര്‍മല്‍ വ്യക്തമാക്കി. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഐഐഎസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് സ്ഥാപന മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest News