Crime

വിവാഹം കഴിഞ്ഞ് 25-ാം നാൾ യുവതിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം വീടിന് പുറത്തുള്ള കുടിവെള്ള ടാങ്കിൽ കണ്ടെത്തി. വീടിനു പുറത്തുള്ള നെഹ്‌റു നഗറിലെ വാട്ടർ ടാങ്കിലാണ് ദുരൂഹ സാഹചര്യത്തിൽ വന്ദന കുശ്വാഹയുടെ മൃതദേഹം അയൽ‍ക്കാർ കണ്ടെത്തിയത്.

വിവരം അറിഞ്ഞെത്തിയ പൊലീസ് യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

മൃതദേഹത്തിൽ മുറവേറ്റ പാടുകൾ ഉണ്ടെന്നും പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 11 നാണ് വന്ദനയെ ഉപേന്ദ്ര പട്ടേൽ വിവാഹം ചെയ്തത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.

വന്ദനയെ കാണാനില്ലെന്നു കാട്ടി യുവതിയുടെ കുടുംബം നേരത്തേ പരാതി നൽകിയിരുന്നു. എന്നാൽ പട്ടേലുമായി ഒരുമിച്ച് ജീവിക്കാൻ താൽപര്യമുണ്ടെന്നാണ് വന്ദന പൊലീസിൽ അറിയിച്ചത്.

അതേസമയം പട്ടേൽ ലഹരിക്ക് അടിമയായിരുന്നു എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ സ്വഭാവം കാരണം അടുത്തിടെ കുടുംബം വാടക വീട് മാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികൾ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നും അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് വന്ദനയുടെ നിലവിളി വീട്ടിൽനിന്നും കേട്ടതായും ഷർട്ടിൽ രക്തക്കറയുമായി പട്ടേലിനെ കണ്ടതായും അയൽവാസികളുടെ മൊഴി ലഭിച്ചിട്ടുണ്ട്.

അതേസമയം പോസ്റ്റ്മോർട്ടം വിവരങ്ങൾ ലഭ്യമായതിനു ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.