പിണറായി വിജയന്റെ വിവാദ പരാമർശത്തിന് പിന്തുണയുമായി സി.പി.എം നേതാവ് സജി ചെറിയാൻ രംഗത്ത്. പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം അണികൾക്ക് തെറ്റിദ്ധാരണ ഉണ്ടായതിനെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് എന്ന് വിശദീകരിച്ചു.
പാർട്ടിയിലെ ചെറിയൊരു വിഭാഗം മാറി വോട്ട് ചെയ്തതുകൊണ്ടാണ് എതിരാളികൾ വിജയിച്ചതെന്നും, അത് തികച്ചും തെറ്റായ നടപടിയായിപ്പോയെന്നും സജി ചെറിയാൻ വ്യക്തമാക്കി.
മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.
അതേസമയം, പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ തുടങ്ങിയ പ്രമുഖർ പാർട്ടി വിട്ടുപോയത് ഗൗരവത്തോടെ പരിശോധിക്കണമെന്നുമുള്ള പി. ജയരാജന്റെ പ്രസ്താവന സജി ചെറിയാൻ പൂർണ്ണമായി തള്ളി.
പാർട്ടി വിട്ടവരെല്ലാം സ്വന്തം തീരുമാനപ്രകാരമാണ് പോയതെന്നും, അധികാരമോഹമാണ് അവരെ അതിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരെയും പാർട്ടി പുറത്താക്കിയതല്ലെന്നും, ഏതൊരു വ്യക്തിക്കും രാഷ്ട്രീയ പാർട്ടി വിട്ടുപോകാനുള്ള അവകാശമുണ്ടെന്നും പറഞ്ഞ സജി ചെറിയാൻ, മറ്റ് സ്ഥലങ്ങളിൽ ചേക്കേറിയവർക്ക് ഇനി സി.പി.എമ്മിനെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും തുറന്നടിച്ചു.
കൂടാതെ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി യാതൊരു തർക്കവുമില്ലെന്നും, എല്ലാ പ്രശ്നങ്ങളും ഇടതുമുന്നണി യോഗം ചേർന്ന് ചർച്ച ചെയ്ത് സൗഹാർദ്ദപരമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















