സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം ആറു മണിക്കും അര്‍ധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാന്‍ സംസ്ഥാനം പവര്‍ എക്‌സ്‌ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ധിച്ചത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 500 മുതല്‍ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് വര്‍ധിച്ചതോടെ എയര്‍ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ റെക്കോര്‍ഡ് വര്‍ധനവിന് പ്രധാന കാരണം.

















