ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ചെന്നൈയില്‍ അത്താഴ വിരുന്നൊരുക്കി സിനിമാ താരദമ്പതികളായ നയന്‍താരയും ഭര്‍ത്താവും. ഈ മനോഹരമായ കൂടിക്കാഴ്ചയും അത്താഴവും ചിത്രങ്ങള്‍ സിന്ധുതന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ചെന്നൈയില്‍ തനിക്ക് ഇതിനകം തന്നെ സ്വന്തം കുടുംബം പോലെയുള്ള സ്‌നേഹം ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ നയന്‍താരയും സംവിധായകനുമായ വിഘ്‌നേഷും കൂടിയായപ്പോള്‍ അവിടെ തനിക്ക് കൂടുതല്‍ കുടുംബാംഗങ്ങളെ ലഭിച്ചതുപോലെ തോന്നുന്നുവെന്നാണ് സിന്ധു കുറിച്ചത്.
സിന്ധുവിനൊപ്പം ഭര്‍ത്താവ് വെങ്കട ദത്ത സായിയും ഈ വിരുന്നില്‍ പങ്കെടുത്തിരുന്നു. മനോഹരമായ ഒരു സന്ധ്യയായിരുന്നു, രുചികരമായ ഭക്ഷണത്തോടൊപ്പം ഹൃദയം തുറന്നുള്ള സംസാരവും പൊട്ടിച്ചിരികളും നിറഞ്ഞതായിരുന്നു ആ സമയമെന്നും സിന്ധു കുറിച്ചു. ചില അത്താഴവിരുന്നുകള്‍ ആളുകളെ കാണുന്ന രീതിയെത്തന്നെ മാറ്റിമറിക്കുമെന്നും വെറുമൊരു സുഹൃദ്സന്ദര്‍ശനമായി തുടങ്ങി പിന്നീട് വര്‍ഷങ്ങളായി പരസ്പരം അറിയുന്നവരുടേത് പോലെ തോന്നിക്കുന്ന ഒന്നായി അത് മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘വിക്കി & നയന്‍, നിങ്ങളിരുവരും സ്‌നേഹം മാത്രം നിറഞ്ഞ മനസ്സുള്ളവരാണ്’ എന്ന് പറഞ്ഞുകൊണ്ട് സിന്ധു അവര്‍ക്ക് നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്തു.
സിന്ധുവിന്റെ ഈ പോസ്റ്റിന് സ്‌നേഹനിര്‍ഭരമായ മറുപടിയുമായി നയന്‍താരയും വിഘ്‌നേഷും രംഗത്തെത്തി. ‘നിങ്ങള്‍ക്കായി സ്‌നേഹം മാത്രം…’ എന്നായിരുന്നു നയന്‍താരയുടെ കമന്റ്. കൂടാതെ സിന്ധുവിന്റെ പോസ്റ്റ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും ഇരുവരും പങ്കുവെച്ചു. ‘കോര്‍ട്ടില്‍ കാണുന്ന കടുപ്പക്കാരിയായ വ്യക്തിയല്ല നിങ്ങള്‍, സ്‌നേഹം നിറഞ്ഞ വലിയൊരു മനസ്സാണ് നിങ്ങള്‍ക്കുള്ളത്’ എന്ന് വിഘ്‌നേഷ് ശിവന്‍ സിന്ധുവിനെ പ്രശംസിക്കുകയും ചെയ്തു. സെലിബ്രിറ്റികള്‍ തമ്മിലുള്ള ഈ ഊഷ്മളമായ സൗഹൃദം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

















