മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎച്ച്എ) പ്രോഗ്രാമിൽ സംസ്ഥാനത്തെ ഗവ. സീറ്റുകളിലേക്ക് അപേക്ഷിക്കാം. 2 വർഷം ദൈർഘ്യമുള്ള പ്രോഗ്രാമാണിത്. എല്ലാ സ്ഥാപനങ്ങളിലും 50% ഗവ. സീറ്റുകളുണ്ട്. മാനേജ്മെന്റ് സീറ്റ് അതതു കോളജുകൾ നികത്തും. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി 18 വരെ അപേക്ഷിക്കാം. 1200 രൂപയാണ് അപേക്ഷാഫീ. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 600 രൂപ. അപേക്ഷാഫീ 15 വരെ മാത്രമേ അടയ്ക്കാനാകൂ.
അലോട്മെന്റ് ഇങ്ങനെ: ആകെ 10 കോളജുകളിലായി 205 സീറ്റുണ്ട്. പുതിയ കോളജുകളുണ്ടെങ്കിൽ വെബ്സൈറ്റിൽ നൽകും. അപേക്ഷകർക്കു വിവിധ കോളജുകൾ മുൻഗണനാക്രമത്തിൽ നൽകാം. മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് ഓരോ വിഭാഗത്തിലുമായി 3 പ്രത്യേക റാങ്ക് പട്ടികകൾ തയാറാക്കും. ഇതിൽനിന്നു സംവരണമാനദണ്ഡങ്ങൾ പാലിച്ച് അലോട്മെന്റുകൾ നടത്തും. ഏതെങ്കിലും വിഭാഗത്തിൽ മതിയായ വിദ്യാർഥികളില്ലെങ്കിൽ മറ്റു റാങ്ക് പട്ടികകളിൽനിന്നു നികത്തും.
യോഗ്യത: എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്സി നഴ്സിങ്, ബി.ഫാം, ബിഎസ്സി ഇൻ അലൈഡ് ഹെൽത്ത് സയൻസസ് എന്നീ ബിരുദങ്ങളിലൊന്ന്, അല്ലെങ്കിൽ സയൻസ്, ആർട്സ്, കൊമേഴ്സ്, ബിവോക്, നിയമം, എൻജിനീയറിങ്, മാനേജ്മെന്റ് എന്നിവയിലൊന്നിൽ ബിരുദം. യോഗ്യതാ കോഴ്സിന് 50% മാർക്ക് വേണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, എസ്ഇബിസി വിഭാഗങ്ങൾക്ക് 5% മാർക്ക് ഇളവ് ലഭിക്കും. പ്രായപരിധി ഇല്ല. ഗവ. സീറ്റുകളിൽ 50% പ്രഫഷനൽ ബിരുദയോഗ്യത ഉള്ളവർക്കാണ്. 25% സീറ്റ് സയൻസ് (ബിസിഎ ഉൾപ്പെടെ) ബിരുദമുള്ളവർക്കും 25% സീറ്റ് ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് യോഗ്യതയുള്ളവർക്കുമാണ്.

















