ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത നാല്പത്തേഴുകാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാൺപൂരിലെ കകാദേവ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് അമിത് കുമാർ എന്ന വ്യക്തി ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ സംഘം അമിത് കുമാറിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു.
ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ അമിത് കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി സെൻട്രൽ ഡിസിപി അതുൽ ശ്രീവാസ്തവ അറിയിച്ചു. പ്രതികളെ പിടികൂടാനായി നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

















