പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതി കേരളത്തിന്റെ കായിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ഡോ. എന്‍. ശരത് ചന്ദ്ര യാദവ്. പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതിയെക്കുറിച്ചും (2026-31) കേരളത്തിനുള്ള അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലൂടെ പുതിയ കായികപ്രതിഭകളെ കണ്ടെത്താനും വളര്‍ന്നുവരുന്ന കായികതാരങ്ങളെ പരിപോഷിപ്പിക്കാനും കായിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക്‌സിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ പട്ടികയിലേക്ക്, പ്രത്യേകിച്ച് കനോയിംഗ്, കായാക്കിംഗ്, തുഴച്ചില്‍, ഫെന്‍സിംഗ് എന്നീ ഇനങ്ങളില്‍, മികച്ച സംഭാവന നല്‍കാന്‍ കേരളത്തിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികമേഖലയില്‍ സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും ഖേലോ ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ പരിശീലകരുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന കായികമേള ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും ഒന്നിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ കേരളത്തില്‍ 23 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും ഒരു ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സും 9 ഖേലോ ഇന്ത്യ അംഗീകൃത അക്കാദമികളുമാണുള്ളത്.
പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതിയെക്കുറിച്ചും കേരളത്തിനുള്ള അവസരങ്ങളെക്കുറിച്ചും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍ നിമിഷ പീച്ചാര വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഏകദേശം എട്ടിരട്ടി വര്‍ധനയോടെ 2026-31 കാലയളവില്‍ ഖേലോ ഇന്ത്യ പദ്ധതിയ്ക്ക് ആകെ 36,441 കോടി രൂപയാണ് വകയിരുത്തിയത്. കായികതാരങ്ങളുടെ എണ്ണം ഏകദേശം 10 മടങ്ങ് വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കായിക അടിസ്ഥാന സൗകര്യങ്ങള്‍, കായിക മത്സരങ്ങളും ലീഗുകളും, പ്രതിഭാ നിര്‍ണ്ണയവും ഖേലോ ഇന്ത്യ പരിശീലന സൗകര്യങ്ങളും, പരിശീലകരുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും വികാസം, ഫിറ്റ് ഇന്ത്യ മൂവ്മെന്റ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി എന്നിവ ഉള്‍പ്പെടുന്ന ഒമ്പത് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് പരിഷ്‌കരിച്ച ഖേലോ ഇന്ത്യ തയാറാക്കിയിരിക്കുന്നത്.
രാജ്യമെമ്പാടും 9000 ഖേലോ ഇന്ത്യ കായികതാരങ്ങള്‍ക്കും 18000 എമര്‍ജിംഗ് ഖേലോ ഇന്ത്യ കായികതാരങ്ങള്‍ക്കും പരിശീലനം, ഭക്ഷണം, താമസം, കിറ്റുകള്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കും. ഒപ്പം കൂടുതല്‍ കായിക മത്സരങ്ങളും ലീഗുകളും സംഘടിപ്പിക്കാനും പദ്ധതി അവസരമൊരുക്കും. ഇതിലൂടെ കായികതാരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും പ്രകടനം വിലയിരുത്താനും സാധിക്കും. കേരളത്തിലെ കായികരംഗത്തെ താഴേത്തട്ടിലെ പ്രതിഭാ നിര്‍ണ്ണയം മുതല്‍ ദേശീയ-അന്തര്‍ദേശീയ നേട്ടം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പരിഷ്‌കരിച്ച ഖേലോ ഇന്ത്യ പദ്ധതി മുതല്‍ക്കൂട്ടാകും.
വരാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യന്‍ ?ഗെയിംസില്‍ തിരുവനന്തപുരത്തെ SAI റീജിയണല്‍ സെന്ററില്‍ നിന്നും അത്‌ലറ്റിക്‌സ്, ഫെന്‍സിങ്, സൈക്ലിങ്, കനോയിങ്, കയാക്കിങ്, തുഴച്ചില്‍ എന്നീ ഇനങ്ങളില്‍ 29 പേര്‍ പങ്കെടുക്കുമെന്നും വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. അര്‍ജുന പുരസ്‌കാര ജേതാക്കളായ മുഹമ്മദ് അജ്മല്‍, സജി തോമസ്, SAI തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ഷ സബാലെ, അസിസ്റ്റന്റ് ഡയറക്ടര്‍ സെല്‍വമണി എ, കേരളാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

















