നടി ഐശ്വര്യ ലക്ഷ്മിയാണ് ഇപ്പോള്‍ തരംഗമായി നില്‍ക്കുന്നത്. മലയാളം തമിഴ് സിനിമകളില്‍ ഐസ്വര്യ ലക്ഷ്മി അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങളും മറ്റ് സോഷ്യല്‍ മീഡിയ ഹാന്റിലുകളും നടിയുടെ പിന്നാലെയാണ്. ഗോസിപ്പ് കഥകളും, സത്യം ചേരാത്ത വാര്‍ത്തകളും നല്‍കുക എന്നതാണ് ലക്ഷ്യം. എന്നാല്‍, സോഷ്യല് മീഡിയയിലും യൂട്യൂബ് ചാനലുകളിലും വരുന്ന വാര്‍ത്തകളെയെല്ലാം നിഷേധിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലുകളിലും തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ട്രോളുകള്‍ക്കെതിരെയും തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി.
അവതാരക രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കുടുംബത്തെയും വസ്ത്രധാരണത്തെയും ചുറ്റിപ്പറ്റി വരുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. വീട്ടില്‍ അച്ഛനാണ് തനിക്കെതിരെയുള്ള ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും കാണാറുള്ളതെന്ന് ഐശ്വര്യ പറയുന്നു. വീടിനെയും മാതാപിതാക്കളുടെ ജോലിയെയും കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഐശ്വര്യ വ്യക്തമാക്കി.
- ഐശ്വര്യയുടെ പറയുന്നതിങ്ങനെ:
‘വീട്ടില്‍ അച്ഛനാണ് ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ആദ്യം കാണാറുള്ളത്. അമ്മയ്ക്ക് ഒന്നിനും സമയമില്ല. രാവിലെ എഴുന്നേറ്റാല്‍ മെഡിറ്റേഷന്‍, നാമം ജപിക്കല്‍, യോഗ അങ്ങനെ എന്തൊക്കെയോ പരിപാടികളാണ്. എന്നാല്‍ അച്ഛന്‍ നേരെ വിപരീതമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്ന് യൂട്യൂബ് കാണും, എന്നെപ്പറ്റിയുള്ള ഗോസിപ്പുകളൊക്കെ കാണും.
അച്ഛനും അമ്മയും എന്റെ കല്യാണത്തിനായി ഒരു കിലോ സ്വര്‍ണം വാങ്ങി വച്ചിട്ടുണ്ടെന്ന് ഏതോ ഒരാള്‍ പറയുന്നത് കേട്ടു. ”നിങ്ങളുടെ കയ്യില്‍ എവിടെ നിന്നാണ് ഒരു കിലോ സ്വര്‍ണം, അപ്പോള്‍ത്തന്നെ മനസ്സിലാക്കണ്ടേ അയാള്‍ സ്വന്തമായി പറഞ്ഞുണ്ടാക്കുന്നതാണെന്ന്” എന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു.
ഞങ്ങളുടേതെന്ന പേരില്‍ ഒരാള്‍ ഏതോ ഒരു വലിയ വീട് ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടു, എന്നാല്‍ എന്റെ വീട് അത്ര വലിയതൊന്നുമല്ല. എന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണെന്ന പ്രചാരണവും തെറ്റാണ്. അച്ഛന്‍ സെക്രട്ടറിയേറ്റിലും അമ്മ പിഎംജിയിലുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. ട്രോള്‍ ചെയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളും ട്രോളുകളും എന്റെ വീട്ടുകാരെ വല്ലാതെ ബാധിച്ചിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങള്‍ കൂടിയതോടെ വസ്ത്രധാരണത്തിന്റെ പേരില്‍ അമ്മയില്‍ നിന്നും നല്ല വഴക്ക് കിട്ടിയിരുന്നു.’മോള് ആ വേഷമിട്ട് നടക്കുന്നത് കണ്ടു’ എന്നൊക്കെ ചിലര്‍ അമ്മയോട് പോയി പറയും.
എന്റെ മാതാപിതാക്കളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്, അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു നല്ല മകളാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ചിലരെപ്പോലെ അമ്മയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ മാറി താമസിക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല; അങ്ങനെ മാറിനില്‍ക്കുന്നതിനെ ക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്കാവില്ല. അമ്മയുമായി വളരെ തുറന്നതും സൗഹൃദപരവുമായ ബന്ധമാണുള്ളത്. എങ്കിലും ചിലപ്പോഴൊക്കെ അമ്മയെ കൈകാര്യം ചെയ്യുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്.
ഇവിടെ അഭിമുഖത്തിന് റെഡിയാകുമ്പോള്‍ ഞാന്‍ ധരിക്കുന്ന വസ്ത്രം അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും അതിനെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുകയുമൊക്കെ ചെയ്യുന്നത് ആ സ്‌ട്രെസ്സില്‍ നിന്ന് പുറത്തുവരാന്‍ വേണ്ടിയാണ്. ഇത്തരത്തില്‍ മനസ്സ് തുറന്ന് സംസാരിക്കുമ്പോള്‍ എനിക്ക് വലിയൊരു ആശ്വാസം ലഭിക്കുന്നുണ്ട്. എനിക്ക് അമ്മയെ പൂര്‍ണമായി മനസ്സിലാകുന്നുണ്ട്. പക്ഷേ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് അമ്മയ്ക്ക് മനസ്സിലാകുന്നില്ല എന്നതാണ് എന്റെ വിഷമം. എനിക്ക് പ്രസവിക്കാന്‍ വളരെ പേടിയാണ്; സ്വന്തം ശരീരത്തില്‍ നിന്ന് കുഞ്ഞ് വരുമ്പോഴാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ആ ശാരീരിക ബന്ധം ഉണ്ടാകുന്നത്. എന്നാല്‍ ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സ്‌നേഹം ഉണ്ടാകുമോ, എനിക്കറിയില്ല.
അമ്മയുമായി വളരെ നിസ്സാരമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ വഴക്കിടാറുള്ളത്, വലിയ പിണക്കങ്ങളൊന്നുമില്ല. അച്ഛനാണെങ്കില്‍ ദിവസം നൂറ് തവണ വിളിക്കും. ഞാന്‍ ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിച്ചാലും അവരുടെ കണ്ണില്‍ ഞാന്‍ ഇപ്പോഴും വീട്ടിലെ ആ ചെറിയ പെണ്‍കുട്ടിയാണ്. മക്കള്‍ വലുതായി മാറിനില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആ ശൂന്യത അവര്‍ക്ക് ഒരുപാട് അനുഭവപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. സിനിമയിലെ എന്റെ വസ്ത്രധാരണത്തെക്കുറിച്ചൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ അത് അവരെ ഒരുപാട് ബാധിക്കാറുണ്ട്. ‘നീ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇനി ഞാന്‍ കൂടി മറുപടി പറയണമല്ലോ’ എന്ന് അമ്മ സങ്കടത്തോടെ പറയാറുണ്ട്.
വീട്ടിലെ ഒറ്റക്കുട്ടിയായി വളര്‍ന്നതാണ്. എങ്കിലും എനിക്കൊരു മൂത്ത സഹോദരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് സ്ത്രീകളോട് കൂടുതല്‍ അടുപ്പം തോന്നാറുണ്ട്. ഒരു സഹോദരി ഉണ്ടായിരുന്നെങ്കില്‍, ‘നിന്റെ സമയത്തും മാതാപിതാക്കള്‍ ഇങ്ങനെയായിരുന്നോ?’ എന്നൊക്കെ ചോദിക്കാമായിരുന്നു. പലപ്പോഴും കാര്യങ്ങള്‍ സ്വയം നേരിടേണ്ടി വരുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്ന് പോലും എനിക്ക് തിരിച്ചറിയാന്‍ പറ്റാറില്ല.
ജീവിതത്തില്‍ എന്നെ ഒരു പുരുഷന്‍ ചതിച്ചിട്ടുണ്ട്. പെട്ടെന്ന് ആരോടും വീണുപോകുന്ന ആളൊന്നുമല്ല ഞാന്‍. അതുകൊണ്ട് തന്നെയാണ് ആ ചതി എന്നെ കൂടുതല്‍ വേദനിപ്പിച്ചത്, കാരണം നമ്മള്‍ ആ വ്യക്തിയെ അത്രത്തോളം വിശ്വസിക്കുകയാണ്. ആ ബന്ധം അവസാനിച്ച ശേഷമാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്. ആ പെണ്‍കുട്ടി തന്നെ വന്ന് ‘എനിക്കും ഒരു കഥ പറയാനുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അവളോട് ദേഷ്യമൊന്നും തോന്നിയില്ല, കാരണം അതില്‍ അവളുടെ തെറ്റില്ലായിരുന്നു. സത്യം പറഞ്ഞാല്‍ രണ്ടു ദിവസം അത് എന്റെ മനസ്സിലുണ്ടായിരുന്നു, പിന്നെ ഞാന്‍ അത് വിട്ടു.
എന്റെ മനസ്സില്‍ എപ്പോഴുമുള്ളത് എന്റെ കുടുംബത്തെക്കുറിച്ചാണ്. അടുത്തിടെ വളരെ ശാന്തമായ, ആരും ആരെയും കുറ്റപ്പെടുത്താത്ത ഒരു കുടുംബത്തെ കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നി. എന്റെ മാതാപിതാക്കള്‍ക്കും ഇതുപോലൊരു ലളിതമായ ജീവിതം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവര്‍ എനിക്കറിയാവുന്നതില്‍ വെച്ച് ഏറ്റവും സ്‌നേഹമുള്ളവരും അച്ചടക്കമുള്ളവരുമാണ്. എന്റെ കുടുംബത്തിന് ചില കാര്യങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷതകളുണ്ട്. രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കണം. എന്തിന്, ഒരു ഏഴ് മണി വരെ ഉറങ്ങിക്കൂടെ. എനിക്ക് അവരെ ഒരു ട്രിപ്പ് കൊണ്ടുപോകണമെന്നുണ്ട്. അവര്‍ക്ക് അതിലൊരു താല്‍പര്യവുമില്ല. അമ്മ ഒരു സോളോ ട്രാവ്‌ലര്‍ ആണ്. അമ്മ കൈലാസ യാത്ര ചെയ്തിട്ടുണ്ട്, കാശിയില്‍ ഒന്‍പത് മാസത്തോളം തങ്ങിയിട്ടുമുണ്ട്. അവര്‍ ഈ ചിട്ടകളില്‍ ജീവിച്ച് ജീവിച്ച് ഒന്ന് ലഘുവാകാന്‍ പറ്റുന്നില്ല.”
ഐശ്വര്യയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആലപ്പി അഷ്‌റഫ് പറഞ്ഞത്
അവരുടെ അടുത്തൊരു ബന്ധു എന്നോട് പറയുകയുണ്ടായി മകളുടെ കല്യാണ ആവശ്യത്തിനായി മാതാപിതാക്കള്‍ ഒരു കിലോ സ്വര്‍ണം ഉള്‍പ്പെടെ എല്ലാം അവള്‍ക്കായി കരുതിയിരുന്നു എന്ന്. ഇന്ന് നിരവധി കോടികള്‍ ഐശ്വര്യ സിനിമയില്‍ നിന്നും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലിക്കാശുപോലും ആ മാതാപിതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മകളില്‍ നിന്നും കൈപ്പറ്റിയിട്ടില്ല. ഐശ്വര്യ പറയുന്നു തന്റെ ആഗ്രഹം കൊണ്ട് അമ്മയ്‌ക്കൊരു സാരി വാങ്ങിക്കൊടുത്തത് പോലും അമ്മ നിരസിച്ചു എന്ന്. മകള്‍ എത്രത്തോളം സിനിമയെ സ്‌നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ സിനിമയെ വെറുക്കുന്നുണ്ടെന്ന് വേണം കരുതാന്‍.
71 വയസ്സ് പിന്നിട്ട പിതാവിനെയും 66 വയസ്സ് പിന്നിട്ട മാതാവിനെയും ഇനി മാറ്റിത്തിരുത്തി ചിന്തിപ്പിക്കുക എന്നത് അസാധ്യമാണെന്നാണ് ഐശ്വര്യ പറയുന്നത്. തമിഴില്‍ വന്‍ വിജയമായ ‘ഗാട്ട ഗുസ്തി 2’ വിന് ശേഷം ഉര്‍വശി, ജോജു ജോര്‍ജ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ‘ആശ’യാണ് ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ മലയാള ചിത്രം. നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സഫര്‍ സനല്‍, ജോജു ജോര്‍ജ്, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ്.

















