രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ‘എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള ഭരണസംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രധാന വിഷയം. ഉച്ചയ്ക്ക് ശേഷമാണ് ഉച്ചകോടിയുടെ ആദ്യ സെഷൻ ആരംഭിക്കുന്നത്.
ഉച്ചയോടെ ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വൈകിട്ട് 5:45-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി നരേന്ദ്ര മോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
ചർച്ചകൾക്ക് ശേഷം വിദേശ പ്രതിനിധികൾ ഭാരത് ഇന്നവേഷൻ എക്സിബിഷൻ സന്ദർശിക്കും. വൈകിട്ട് 5 മണിക്ക് ഭാരത് മണ്ഡപത്തിന് പുറത്ത് വൃക്ഷത്തൈ നടീൽ ചടങ്ങും പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നും നടക്കും.
റഷ്യ-യുക്രെയിൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, അമേരിക്കൻ ഭരണമാറ്റത്തിന് ശേഷമുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

















