ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്ത കാരണം വ്യക്തമല്ല. ഉച്ചകോടിക്ക് ശേഷം വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങിയിരുന്നു എന്ന് വിവരം. യുഎഇ കീരീടാവകാശിയും വിരുന്നിൽ പങ്കെടുക്കാതെ അബുദാബിയിലേക്ക് മടങ്ങി.
നിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ഷി ജിൻ പിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മറ്റ് ബ്രിക്സ് നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും സന്നിഹിതരായിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ നേതാക്കൾക്കൊപ്പം ലോക്‌സഭാ സ്പീക്കർ ഓം ബിർളയും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഭാരത് മണ്ഡപത്തിലെ അത്താഴ വിരുന്നിനായി രണ്ട് ബസുകളിലായാണ് യാത്ര ചെയ്തത്.
അതേസമയം യൂറോപ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക ആധിപത്യത്തിന് പുറത്ത് സാമ്പത്തികമായി വളർന്നുവരുന്ന രാജ്യങ്ങളുടെ സഹകരണ വേദി എന്ന ലക്ഷ്യത്തെ അന്വർത്ഥമാക്കിയതായിരുന്നു ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനം. ഇന്ത്യ,റഷ്യ, ചൈന,എന്നീ രാജ്യങ്ങളെ ഒരേ വേദിയിലിരുത്താനായെന്നത് അതിനുദാഹരണമാണ്. ഒപ്പം പശ്ചിമേഷൻ സംഘർഷത്തിൽ രണ്ട് ചേരികളിലായി നിൽക്കുന്ന ഇറാനും യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള ഭിന്നത പരിഹരിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത് അംഗ രാജ്യങ്ങൾക്കിടയിലെ പരസ്പര ധാരണയ്ക്ക് ശക്തി പകർന്നിട്ടുണ്ട്.
Story Highlights : China’s Xi Jinping skips PM Modi’s BRICS gala dinner after talks

















