രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കാനും കർശന നടപടികളുമായി ഒമാൻ ഭരണകൂടം.
രാജ്യത്തെ വിപണി സാഹചര്യങ്ങളും വിതരണ ശൃംഖലയും നിരീക്ഷിക്കുകയാണ് സാമ്പത്തിക മന്ത്രാലയം.
ആഗോള പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കുമ്പോഴും ഒമാനിൽ പണപ്പെരുപ്പം 2.9 ശതമാനത്തിൽ പിടിച്ചുനിർത്താൻ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങളുടെ ആഘാതം പ്രാദേശിക വിപണിയിൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാൻ ഭരണകൂടം ഇടപെടലുകൾ ശക്തമാക്കുന്നത്.
2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഒമാനിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.9 ശതമാനം മാത്രമായിരുന്നു.
അന്താരാഷ്ട്ര നാണയനിധി പ്രവചിച്ച ഇതേ കാലയളവിലെ ആഗോള ശരാശരിയായ 4.7 ശതമാനത്തേക്കാൾ ഏറെ താഴെയാണിത്.
മേഖലയിലെ നിലവിലെ സഹചര്യങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഗതാഗത, ലോജിസ്റ്റിക്സ് ചെലവുകൾ വർധിപ്പിക്കുന്നുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മഅ്‌വാലി പറഞ്ഞു.















