ഖത്തറിൽ ചിക്കന്റെയും ചിലയിനം പച്ചക്കറികളുടെയും കസ്റ്റംസ് തീരുവ വർധിപ്പിച്ചു. 15 മുതൽ 18 ശതമാനം വരെയാണ് നികുതി വർധനവ് വരുത്തിയിരിക്കുന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. മുറിക്കാത്ത ഫ്രഷ്, ചിൽഡ് ചിക്കൻ, ചിൽഡ് ചിക്കൻ ബ്രസ്റ്റ്, ചിക്കൻ തൈ, ചിക്കൻ വിങ്‌സ് എന്നിവയ്ക്ക് 18 ശതമാനമാണ് കസ്റ്റംസ് തീരുവ വർധിപ്പിച്ചത്.
പച്ചക്കറികളിൽ തക്കാളി, വഴുതന, സുക്കിനി അഥവാ കൂസ എന്നിവയ്ക്കാണ് അധികത്തീരുവ. ഉത്പാദനം കൂടുതലുള്ള കാലയളവിലാണ് ഇവയ്ക്ക് ചുങ്കം ബാധകമാകുക. തക്കാളിക്ക് ജനുവരി മുതൽ മെയ് വരെയാണ് തീരുവ. വഴുതനയ്ക്ക് ജനുവരി മുതൽ ഏപ്രിൽ വരെയും നവംബർ മുതൽ ഡിസംബർ വരെയും.
കൂസയ്ക്ക് ജനുവരി മുതൽ ഏപ്രിൽ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയും തീരുവ ഏർപ്പെടുത്തും. കസ്റ്റംസ് തീരുവ വർധിപ്പിച്ചതുകൊണ്ട് മാത്രം ഉത്പന്നങ്ങളുടെ വിപണിവില ഉയരില്ല.
പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നശേഷമുള്ള ഇറക്കുമതി വിലയും ചില്ലറവിപണി നിരക്കുകളും പരിശോധിച്ചാലേ പുതിയ തീരുമാനത്തിന്റെ ആഘാതം വ്യക്തമാകൂ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഇടം കണ്ടെത്താനും തീരുമാനം വഴിയൊരുക്കും.
















