കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ആകെ 17 ഒഴിവുകളാണുള്ളതെങ്കിലും ഭാവിയിൽ ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.
പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി. എന്നാൽ ബിരുദധാരികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല.
ഉദ്യോഗാർത്ഥികളുടെ പ്രായപരിധി ജനറൽ വിഭാഗത്തിന് 18 വയസ്സിനും 40 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങൾ അനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.
ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. 100 മാർക്കിനാണ് എഴുത്തുപരീക്ഷ. 75 മിനിറ്റാണ് പരീക്ഷാ സമയം.
ജനറൽ നോളജ്, കറന്റ് അഫയേഴ്സ്, ന്യൂമറിക്കൽ എബിലിറ്റി, മെന്റൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഉണ്ടായിരിക്കും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.















