സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ അടക്കം യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് സൗദി സഖ്യസേന.
റിയാദിൽ അടക്കം സിവിലിയൻ കേന്ദ്രങ്ങളെയാണ് ഹൂതി വിമതർ ലക്ഷ്യം വെച്ചതെന്ന് സഖ്യ സേന വ്യക്തമാക്കി.
ഹൂതികളുടെ ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. എല്ലാ ആക്രമണങ്ങളെയും പരാജയപ്പെടുത്തിയതായും സഖ്യസേന അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച റിയാദ് എയർപോർട്ടിനു സമീപം അടക്കം ആക്രമണ ശ്രമം നടത്തിയിരുന്നു.
റിയാദിലെയും യാമ്പുവിലെയും സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചതായി ഹൂതി വിമതരുടെ അവകാശവാദം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതി വിമതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിനിടെ, യമനിലും സൗദി അറേബ്യയിലും സംഘർഷം വ്യാപകമാകുന്നതിനിടെ അമേരിക്ക തങ്ങളുടെ പൗരൻമാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമ്പത് അറബ് -ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരൻമാർക്കാണ് ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയത്.















