സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും 6 പേർ മരിച്ചു. 4 പേരെ കാണാതായി. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ പ്രവചനമാണ് പുറത്തുവിട്ടത്.
മൂന്നാർ വട്ടവടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ, കൃഷിയിടത്തിലെ ഷെഡിൽ ഇരുന്ന 2 പേർ മണ്ണിനടിയിൽപെട്ടു മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (ചിന്നു–38) എന്നിവരാണു മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു സംഭവം. ബാലകൃഷ്ണന്റെ വീട്ടിൽനിന്നു 100 മീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു മൂന്നു പേരും. മഴ കനത്തതോടെ മൂന്നുപേരും ഷെഡിൽ കയറിയിരുന്നു. ഇതിനിടെയാണ് 20 അടി ഉയരത്തിൽനിന്നു മണ്ണിടിഞ്ഞു ഷെഡിനു മുകളിലേക്കു പതിച്ചത്. നന്ദിനി, യോഗേഷ്, വിജയലക്ഷ്മി എന്നിവരാണ് മരിച്ച ബാലകൃഷ്ണന്റെ മക്കൾ. കൊട്ടാക്കമ്പൂർ സ്വദേശി ചിന്നമണിയുടെ ഭാര്യയാണ് മരിച്ച ചിന്നമ്മാൾ. മക്കൾ: സ്നേഹ, വിഷ്ണു.
മലപ്പുറത്ത് ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ 2 പേർ മരിച്ചു. 4 പേരെ കാണാതായി. മരിച്ചവരിലൊരാൾ തിരൂർ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടൻ അനസാണെന്ന് (27) തിരിച്ചറിഞ്ഞു. 60 വയസ്സു തോന്നിക്കുന്ന പുരുഷനാണ് രണ്ടാമത്തെയാൾ. കാണാതായവരിൽ 3 പേർ വിനോദ സഞ്ചാരികളാണെന്നാണു വിവരം. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) കാണാതായവരിൽ ഉൾപ്പെടുന്നു. പുഴക്കടവിൽ വസ്ത്രം അലക്കി കൊണ്ടിരിക്കെയാണ് സജിത ഒഴുക്കിൽപ്പെട്ടത്.
കോട്ടയത്ത് മലയോര മേഖലയിലുണ്ടായ കനത്ത മഴയിൽ 2 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളത്ത് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഉറവപ്ലാവിൽ ചേലകാട്ട് ജോസഫും (അപ്പച്ചൻ–80) ഈരാറ്റുപേട്ട– വാഗമൺ റോഡിൽ കൽക്കെട്ട് ഇടിഞ്ഞു വീണ്, സ്കൂട്ടർ യാത്രികയായ ചെന്നൈ ജവാഹർ നഗർ സ്വദേശി സംഗീത അരുൾലാലുമാണ് (35) മരിച്ചത്.
പെരിങ്ങുളത്ത് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വാഗമൺ സന്ദർശിച്ചു മടങ്ങുന്നതിനിടെയാണു സംഗീതയും കൂട്ടുകാരിയും വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപെട്ടത്. ഇവരുടെ സ്കൂട്ടറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.















