തൃശൂർ നഗരത്തിൽ വൻ കവർച്ച നടന്നു. കൂർക്കഞ്ചേരിയിലെ ഹസൻ അലിയുടെ വീട്ടിൽ നിന്നും 55 പവൻ സ്വർണമാണ് കവർന്നത്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് മോഷണം നടന്നത്. മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി 1.30ഓടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഒരാൾ മതിൽ ചാടി അകത്തു കടക്കുന്ന ദൃശ്യം ലഭിച്ചു. മതിൽ ചാടിക്കടന്ന ശേഷം മോഷ്ടാവ് സി സി ടി വി തകർത്തു. വീട്ടിലെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ഹസൻ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയുമായി 55 പവൻ സ്വർണമാണ് നഷ്ടമായത്. ബാങ്ക് വായ്പയടക്കാൻ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവർന്നു.
കടുംബം രാവിലെ എത്തിയപ്പോഴാണ് വീടിന്‍റെ വാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തൃശൂർ സിറ്റി പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.















