UAE

വ്യാജ വീട്ടുജോലി പരസ്യങ്ങൾ: കെണിയിൽ വീഴരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

കുറഞ്ഞ ചെലവിൽ വീട്ടുജോലിക്കാരെ എത്തിച്ചുനൽകാമെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാഗ്ദാനങ്ങളുടെ കെണിയിൽ ആരും വീണുപോകരുതെന്ന് ദുബായ് പോലീസ് നിർദേശം നൽകി.

ലൈസൻസില്ലാത്ത വ്യാജ സ്ഥാപനങ്ങൾ വഴി ജോലിക്കാരെ നിയമിക്കുന്നത് പണം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും, ഇത് കുടുംബത്തിന്റെ സുരക്ഷയ്ക്കും നിയമപരമായ അവകാശങ്ങൾക്കും വലിയ ഭീഷണിയാണെന്നും പൊലീസ് വ്യക്തമാക്കി.

ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനോ പണം കൈമാറുന്നതിനോ മുൻപായി ബന്ധപ്പെടുന്ന റിക്രൂട്ടിങ് ഏജൻസിക്ക് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ലൈസൻസും അംഗീകാരവുമുണ്ടോയെന്ന് ഉറപ്പുവരുത്തണം.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക പരിശോധിക്കാമെന്നും, വെറും കുറഞ്ഞ നിരക്ക് മാത്രം കണ്ട് ആരും ഇത്തരം കെണികളിൽ വീഴരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.