തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്‍റെ കുടുംബം. സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്എച്ച്ഒ പി. മഹേഷ്, ഫൈസൽ, യദുകൃഷ്ണ, നവീൻകുമാർ എന്നിവർക്ക് സസ്പെൻഷൻ. ബോധപൂർവ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈൽ ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പരിക്കേറ്റ അമലിന്റെ മാതാവ് പ്രസന്ന ഷാജു പുറത്തുവിട്ടു. പൊലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണിൽ ഓട്ടോ റെക്കോർഡ് ആയ വീഡിയോയാണ് പുറത്തുവിട്ടത്.
വാഹനം കുറച്ചുകൂടി വേഗത കൂട്ടിയിരുന്നുവെങ്കിൽ യുവാക്കൾ ചത്തേനെയെന്ന് വീഡിയോയിൽ സംസാരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്കാം. ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല എന്നും വീഡിയോയിൽ പറയുന്നു. ”വെള്ളത്തിലേക്ക് വണ്ടി തട്ടിയിട്ട കാര്യമൊന്നും പറയണ്ട. അവൻ ചാവുകയാണെങ്കിൽ അതായിക്കോട്ടെ. ഒന്നും പറയണ്ട,നമ്മൾ അവിടെ അന്വേഷിച്ചുപോയി അതു തന്നെ. പുതുക്കാട് ഒരടിപിടി ഉണ്ടായപ്പോൾ നമ്മൾ തെരഞ്ഞുപോയി അത്ര തന്നെ. ഞാൻ ചവിട്ടിപ്പിടിച്ചതുകൊണ്ടാ തട്ടിയത്. അല്ലെങ്കിൽ ഇതൊന്നുമല്ല, പറന്നുപോയെനെ.ചാവുമെന്ന് ഉറപ്പുമല്ലേ..അലക്കികളയണമെങ്കിൽ നല്ല പെടപെടച്ചാൽ ഉറപ്പായും ചാവും’ എന്നാണ് പൊലീസുകാര്‍ തമ്മിൽ പറയുന്നത്.
സംഭവത്തിൽ കുടുംബം ഐജി പി. വിജയന് പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. വീഡിയോ പുറത്തായതിന് ശേഷമാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അമൽ, വിഷ്ണു, അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ മാതാവ് പ്രസന്ന ഷാജു പറഞ്ഞു. കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തട്ടുകടയിലുണ്ടായ ചെറിയ തർക്കത്തിന് പിന്നാലെയാണ് പൊലീസുകാർ വാഹനം പിന്തുടർന്ന് അമൽ, വിഷ്ണു, അഭിഷേക് എന്നീ യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചു തെറിപ്പിച്ചത്.















