പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുക്കൊണ്ടിരിക്കയാണ്. പ്രമേഹത്തിന് കൃത്യമായി മരുന്ന് കഴിക്കുന്നവരിൽ പോലും ചില സമയങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതായി കാണാറുണ്ട്.
മരുന്നുകൾ കഴിക്കുന്നതിനൊപ്പം ഭക്ഷണക്രമം, ശാരീരിക അധ്വാനം, ഉറക്കം, മാനസികസമ്മർദം എന്നിവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
മരുന്ന് കഴിച്ചാലും ചിലരിൽ രക്തസമ്മർദം കൂടുന്നതായി കാണാറുണ്ട്. അതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ചോറ്, മധുരപലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് രക്തത്തിൽ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു.
കൃത്യസമയത്ത് മരുന്ന് കഴിക്കാതിരിക്കുകയോ ഡോസ് വിട്ടുപോകുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ശരീരഭാരം കൂടുന്നതും വ്യായാമമില്ലായ്മയും ഇൻസുലിൻ പ്രതിരോധം കൂട്ടുന്നു.
ഇത് കോശങ്ങൾ ഇൻസുലിൻ ഉപയോഗിക്കുന്നത് തടയുകയും ഷുഗർ വർധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മാനസികസമ്മർദം ഉണ്ടാകുമ്പോൾ ശരീരത്തിൽ ‘കോർട്ടിസോൾ’ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് രക്തത്തിലെ ഷുഗർ നില ഉയർത്താൻ കാരണമാകുന്നു.
രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ കൃത്യമായ ഉറക്കം ലഭിക്കാതിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമതയെ ബാധിക്കുകയും ഷുഗർ നിയന്ത്രണം തെറ്റിക്കുകയും ചെയ്യും. പനി, അണുബാധ തുടങ്ങിയ രോഗാവസ്ഥകളിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം രക്തത്തിലെ ഗ്ലൂക്കോസ് താത്കാലികമായി ഉയരാം.
പുലർച്ചെ 3 മണിക്കും 8 മണിക്കും ഇടയിൽ ശരീരം സ്വാഭാവികമായി പുറപ്പെടുവിക്കുന്ന ചില ഹോർമോണുകൾ കാരണം രാവിലെ വെറും വയറ്റിൽ ഷുഗർ അളവ് കൂടുതലായി കാണപ്പെടാം.















