ഓരോ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രകടമായ മാറ്റം കാണാനാകുന്നത് ഇങ്ങനെയൊക്കെയാണ്. അതായത്, ഇടതുപക്ഷ സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഭരിച്ച പത്തുവര്‍ഷക്കാലം സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നോക്കിയാല്‍ മതിയാകും. എക്‌സൈസ് വകുപ്പുതന്നെ മദ്യ വര്‍ജ്ജനത്തെയും, മദ്യ നിരോധനത്തെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് ബോധ്യമാക്കിത്തന്ന പത്തുവര്‍ഷമാണ് കടന്നുപോയത്. അതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കശുമാവില്‍ നിന്നും വൈന്‍ തുടങ്ങി, ഐ.ടി. കമ്പനികളിലെ ബിയര്‍ പാര്‍ലറുകള്‍, പാലക്കാട് ബ്രുവറി ഡിസ്റ്റ്‌ലറി കമ്പനിക്ക് അനുമതി തുടങ്ങി മദ്യസേവനവും മദ്യ സേവകരെയും പോഷിപ്പിക്കുന്നതില്‍ ഒരു കുറവും കാട്ടിയിട്ടില്ല.
അതെല്ലാം ടൂറിസം മേഖലയുടെ ഉണര്‍വ്വിനും ഉത്തേജനത്തിനം വേണ്ടിയാണെന്നും പറ#്ഞു തൊഴിലാളി പാര്‍ട്ടി നേതാക്കള്‍. അതിനു ശേഷമാണ് ബാറുകളുടെ പ്രവൃത്തി സമയം രാത്രി 12 മണിവരെ നീട്ടിയത്. ഇതോടെ കുടിയന്‍മാരുടെ എണ്ണം കൂടിയെന്നു മാത്രമല്ല, കുടിയുടെ സമയവും കൂടി എന്നതാണ് മെച്ചം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായിരുന്നത് 29 ബാറുകളായിരുന്നു. എന്നാല്‍, അധികാരം വിട്ടുപോകുമ്പോള്‍ ബാറുകളുടെ എണ്ണം 1000ത്തില്‍ മുട്ടി നിന്നു. വ്യവസായ മന്ത്രി പി. രാജീവിന്റെ വകുപ്പിനാണ് ഇതില്‍ അഭിമാനിക്കാന്‍ വകയുള്ളത്. കാരണം, സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഇത്രമേല്‍ ബാറുകള്‍ അനുവദിച്ച് തൊഴില്‍ നല്‍കാന്‍ കാണിച്ച മനസ്സിനെ അംഗീകരിക്കാതെ വയ്യ.
അങ്ങനെ കേരളത്തില്‍ ബാറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ടൂറിസം പരിപോഷിപ്പിച്ചാണ് ലോക തോല്‍വിയായി അധികാരം വിട്ടു പോയത്. പുതിയ സര്‍ക്കാര്‍ വന്നശേഷം മദ്യനയം രൂപീകരിക്കുന്ന ചര്‍ച്ചകളിലാണ്. ബാറുകളുടെ സമയക്രമം പുന പരിശോധിക്കാനാണ് നീക്കം. എന്നാല്‍, ബാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. കാരണം, നികുതി വരുമാനം അത്രമേല്‍ കുടിച്ച് വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നര്‍ത്ഥം. എന്നാല്‍, ബാറുകളുടെ സമയം രാത്രി 12 മണിയില്‍ നിന്നും 10 മണിയാക്കുമ്പോള്‍ കുടിയന്‍മാരുടെ കുടിയില്‍ രണ്ടു മണിക്കൂറെങ്കിലും കുറുമല്ലോ എന്ന ആശ്വാസം ഉണ്ട്. അതിനു വേണ്ടിയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു പിണറായി സര്‍ക്കാര്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണി വരെയാക്കിയത്. ഈ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആഭ്യന്തര-എക്‌സൈസ് വകുപ്പുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പുതിയ സമഗ്ര മദ്യനയത്തിന് രൂപം നല്‍കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ചര്‍ച്ചകളിലാണ് ബാര്‍ സമയം വെട്ടിച്ചുരുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നത്. ബാറുകളിലെ ജീവനക്കാരുടെ ജോലിഭാരവും സാമൂഹിക സുരക്ഷയും മുന്‍നിര്‍ത്തി സി.ഐ.ടി.യു (CITU), എ.ഐ.ടി.യു.സി (AITUC) തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളും ഈ ആവശ്യത്തെ പിന്തുണച്ചു. ബാറുകളുടെ ഇപ്പോഴത്തെ രാത്രി 12 വരെയുള്ള പ്രവര്‍ത്തനം ഒഴിവാക്കി, രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായി (10 AM to 10 PM) സമയം പുനര്‍നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.
അര്‍ദ്ധരാത്രി വരെ മദ്യം ലഭ്യമാകുന്നത് നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രികാല ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നുവെന്ന വിലയിരുത്തലുകളും പോലീസ് ഇന്റലിജന്‍സ് വിഭാഗം പങ്കുവെച്ചിട്ടുണ്ട്. മദ്യനയം കൂടുതല്‍ കര്‍ശനമാക്കാനുള്ള സര്‍ക്കാരിന്റെ ആലോചനകള്‍ പുതിയ ബാറുകള്‍ തുടങ്ങാന്‍ കാത്തിരുന്ന ഹോട്ടലുടമകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്ത് പുതുതായി ബാര്‍ ലൈസന്‍സിനായി 26 സ്റ്റാര്‍ ഹോട്ടലുകളാണ് എക്‌സൈസ് വകുപ്പിന് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പുതിയ മദ്യനയത്തിന് അന്തിമ രൂപരേഖ ആകാത്ത സാഹചര്യത്തില്‍ ഈ അപേക്ഷകളില്‍ തല്‍ക്കാലം തുടര്‍നടപടികളോ അനുമതിയോ നല്‍കേണ്ടതില്ലെന്ന് എക്‌സൈസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വിനോദസഞ്ചാര മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി പുതിയ ബാറുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന രാഷ്ട്രീയ ആശങ്കയും ഭരണമുന്നണിക്കുള്ളിലുണ്ട്. വിപുലമായ കൂടിയാലോചനകളിലൂടെ സമവായത്തോടെ മദ്യനയം തയ്യാറാക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു മുന്‍കൈയെടുത്തിരുന്നെങ്കിലും അടിയന്തര രാഷ്ട്രീയ തിരക്കുകള്‍ കാരണം യോഗം പൂര്‍ണ്ണമായി നടന്നില്ല. മുന്‍ എക്‌സൈസ് മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, ടി.പി. രാമകൃഷ്ണന്‍, എം.ബി. രാജേഷ് എന്നിവരുമായി ചര്‍ച്ച നടത്താനായിരുന്നു മന്ത്രി എം. ലിജു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പാര്‍ട്ടിയുടെ അടിയന്തര തിരക്കുകള്‍ കാരണം തലസ്ഥാനത്ത് എത്താന്‍ കഴിയില്ലെന്ന് സി.പി.എം നേതാക്കളായ മുന്‍ മന്ത്രിമാര്‍ അറിയിക്കുകയായിരുന്നു.
2016 ഏപ്രിലില്‍ വെറും 29 ബാറുകളുണ്ടായിരുന്ന കേരളത്തില്‍ 2026 ഏപ്രിലില്‍ ബാറുകളുടെ എണ്ണം 903 ആയി ഉയര്‍ന്നു. ഒരു ടൗണില്‍ തന്നെ പരസ്പരം അടുത്തായി നിരവധി ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നിയമലംഘനങ്ങളിലേക്കും നീങ്ങുന്നതായാണ് വിവരം. ബാറുകളുടെ പ്രവര്‍ത്തനസമയവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മറികടക്കാന്‍ ചിലയിടങ്ങളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുമായി അവിശുദ്ധ ധാരണകളുണ്ടാക്കുന്നതായും ആരോപണമുണ്ട്. സമയപരിധി ലംഘിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതാണ് ഇത്തരം ധാരണകളില്‍ പ്രധാനമെന്നും സൂചനയുണ്ട്.
2014ലെ മദ്യനയം നടപ്പാക്കിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 730ല്‍ നിന്ന് 29 ആയി കുറഞ്ഞിരുന്നു. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി അന്ന് ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തി. ഇതോടെ രണ്ട്, മൂന്ന്, നാല് നക്ഷത്ര പദവികളുള്ള 701 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കി. ഇവയില്‍ പലതും പൂട്ടുകയും ചിലത് ബിയര്‍-വൈന്‍ പാര്‍ലറുകളായി മാറുകയും ചെയ്തു. 2016 ഏപ്രിലില്‍ പ്രവര്‍ത്തിച്ചിരുന്ന 29 പഞ്ചനക്ഷത്ര ബാറുകളില്‍ നിന്ന് ഇപ്പോഴത്തെ കണക്ക് 903ലെത്തി. നിലവില്‍ 57 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളും 308 നാല് നക്ഷത്ര ഹോട്ടലുകളും 512 മൂന്ന് നക്ഷത്ര ഹോട്ടലുകളുമാണുള്ളത്.
ബാറുകളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ധനയ്ക്ക് സമാനമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യവില്‍പനശാലകളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. ബെവറേജസ് കോര്‍പ്പറേഷന്റെ 285 ചില്ലറ വില്‍പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട്ലെറ്റുകളുമാണ് നിലവിലുള്ളത്. 2014ലും ഏകദേശം ഇതേ എണ്ണമായിരുന്നു. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാറുകളുടെ എണ്ണം കൂട്ടിയതെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ വിശദീകരണം. 2026 ഫെബ്രുവരിയില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം വീണ്ടും ദീര്‍ഘിപ്പിച്ചു. രാവിലെ 11 മുതല്‍ രാത്രി 11 വരെയുണ്ടായിരുന്ന സമയം രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെയാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നേരത്തെയും രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകള്‍ക്കും ഒരേ സമയക്രമം കൊണ്ടുവരികയാണ് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.















